ഇരട്ടകൾ മിടുക്കികളായി ആശുപത്രി വിട്ടു
കൊച്ചി: നാലരമാസം മുൻപ് ജനിക്കുമ്പോൾ സായയുടെ ഭാരം വെറും 350 ഗ്രാം. ഒരു കൈപ്പത്തിയുടെ വലിപ്പം. ഇന്ത്യയിൽ ജനിച്ച ഏറ്റവും ഭാരം കുറഞ്ഞ ശിശു. കഴിഞ്ഞദിവസം ആശുപത്രി വിടുമ്പോൾ സായയുടെ ഭാരം ഒന്നര കിലോ ആണ്.
കൊടുങ്ങല്ലൂർ സ്വദേശി തൻസീമിന്റെ ഭാര്യ സുഹൈനയെ ആറുമാസം ഗർഭിണിയായിരിക്കെയാണ് എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2019 ഡിസംബർ 12ന് ശസ്ത്രക്രിയയിലൂടെ ഇരട്ടപ്പെൺകുട്ടികളെ പുറത്തെടുത്തു. ആദ്യം ജനിച്ച ശിശുവിന് 400 ഗ്രാം ഭാരം. രണ്ടാമത്തെ ശിശുവിന് 350 ഗ്രാമും. ഇന്ത്യയിൽ ജനിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ശിശുവാണ് രണ്ടാമത്തേതെന്ന് ഡോക്ടർമാർ പറഞ്ഞു. 375 ഗ്രാം തൂക്കമായിരുന്നു നിലവിലെ റെക്കാഡ്.
പൂർണ വളർച്ചയെത്താത്ത ഇരട്ടകൾ സങ്കീർണമായ അവസ്ഥയിലായിരുന്നു. തലച്ചോർ, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളിൽ വൈകല്യങ്ങൾ കണ്ടെത്തി. വിദഗ്ദ്ധ പരിചരണത്തിലൂടെ ശിശുക്കളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്ന വെല്ലുവിളി ഡോക്ടർമാർ ഏറ്റെടുത്തു. കൃത്രിമശ്വാസം നൽകി നവജാത ശിശുക്കളെ പരിചരിക്കുന്ന വെന്റിലേറ്ററിലേക്ക് മാറ്റി. സ്വയം ശ്വാസമെടുക്കൻ കഴിയുന്നതുവരെ 40 ദിവസം വെന്റിലേറ്ററിൽ കിടത്തി. ഓരോ അവയവത്തിനും പ്രത്യേക ശ്രദ്ധ നൽകി ചികിത്സ തുടർന്നു. കണ്ണുകളുടെ ചികിത്സയ്ക്ക് ഗിരിധർ കണ്ണാശുപത്രിയിലെ ഡോക്ടർമാരുടെ സേവനവും തേടി. ക്രമേണ ശിശുക്കൾ ആരോഗ്യവതികളായി സാധാരണ നിലയിലെത്തിയതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. ആശുപത്രിയിൽ വച്ചാണ് ഇരട്ടകൾക്ക് പേരിട്ടത്. ഭാരം കുറഞ്ഞ ശിശു സായ. ആദ്യം ജനിച്ച ശിശു സോയ.
നവജാത ശിശുപരിചരണ വിദഗ്ദ്ധൻ ഡോ. റോജോ ജോയി, ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. ദിവ്യ ജോസ്, അനസ്തേഷ്യ ഡോ. ശോഭാ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ഇരട്ടകളുടെ ചികിത്സയ്ക്ക് ആശുപത്രിയുടെ ചാരിറ്റി ഫണ്ടിന് പുറമെ ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷനിലൂടെ സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ധനസഹായം നൽകി. വലിയൊരുസംഘം കണ്ണുചിമ്മാതെ കാവിലിരുന്നാണ് കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
-ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ,
ഡയറക്‌ടർ, ലൂർദ്ദ് ആശുപത്രി.