salam
ചോറ്റാനിക്കര സ്പിരിറ്റ് കേസിൽ പിടിയിലായ ഡ്രൈവർ ആലുവ കൊടികുത്തുമല സ്വദേശി അബ്ദുൾ സലാം

ആലുവ: ചോറ്റാനിക്കരയിൽ സ്പിരിറ്റുമായി പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ അശോകപുരത്തെ ഒഴിഞ്ഞ ഗോഡൗണിൽ നിന്ന് 5833 ലിറ്റർ സ്പിരിറ്റ് പിടികൂടി. രണ്ട് ലിറ്ററിന്റെയും അഞ്ച് ലിറ്ററിന്റെയും 1660 കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്.

സാനിറ്ററൈസർ എന്ന വ്യാജേന ഇളം മഞ്ഞ, റോസ് നിറം കലർത്തി കാർട്ടൺ ബോക്സുകളിലാണ് സ്പിരിറ്റ് കന്നാസുകൾ സൂക്ഷിച്ചിരുന്നത്. അശോകപുരം കൊച്ചിൻബാങ്ക് തൈക്കാവിന് സമീപം ഡോൾഫിൻ സ്ക്വയർ എന്ന പേരിലുള്ള ആഡംബര ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രേഖകളിൽ അശോകപുരം സ്വദേശി മൻസൂർ അലിയെന്നയാളുടെ പേരിലാണ് ഇതെന്ന് പൊലീസ് പറയുന്നു.

ചോറ്റാനിക്കര കേസിൽ ചോറ്റാനിക്കര കുന്നത്ത് മനോജിന്റെ വീട്ടിൽനിന്ന് 499 കന്നാസുകളിൽ സൂക്ഷിച്ച 2495 ലിറ്റർ സ്പിരിറ്റാണ് ബുധനാഴ്ച്ച വൈകിട്ട് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മനോജിനേയും സ്പിരിറ്റ് സ്ഥലത്ത് എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ അശോകപുരം കൊടികുത്തുമല അമ്മിണിപ്പറമ്പിൽ അബ്ദുൾ സലാമിനേയും അറസ്റ്റുചെയ്തിരുന്നു.

ഇവരിൽ നിന്നാണ് അശോകപുരത്തെ കേന്ദ്രത്തെ സംബന്ധിച്ച സൂചന ലഭിച്ചത്. കഴിഞ്ഞ 27ന് കാലടി മറ്റൂരിൽ നിന്ന് 100 ലിറ്റർ സ്പിരിറ്റുമായി പിടിയിലായവരിൽ നിന്നാണ് ചോറ്റാനിക്കരയിലെ കേന്ദ്രത്തെ സംബന്ധിച്ച സൂചന ലഭിച്ചത്.

സാനിറ്റൈസർ നിർമ്മാണത്തിനെന്ന വ്യാജേനയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കന്നാസുകളിൽ സാനിറ്ററൈസർ എന്ന പേരിൽ വ്യാജസ്റ്റിക്കറുകളും പതിപ്പിച്ചിരുന്നു. ജെംസ് ലാപ്, ആന്റൺ ബ്രാനിഫ് എന്നീ പേരുകളിലുള്ള സ്റ്റിക്കറാണ് പതിപ്പിച്ചിരുന്നത്. വ്യാജബിൽ ഉണ്ടാക്കിയാണ് സ്പിരിറ്റിന്റെ ഇടപാട് നടത്തുന്നതെന്ന് റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. പൊലീസ് പിടിക്കുമെന്ന് ഭയന്ന് ആലുവയിൽ നിന്ന് ചോറ്റാനിക്കരയിലേക്ക് സ്പിരിറ്റ് മാറ്റുകയായിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ് സ്പിരിറ്റിന്റെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്നു.
കാലടിയിൽ വ്യാജമദ്യ നിർമാണത്തിന് ഉപയോഗിച്ച എസെൻസും കണ്ടെത്തിയിരുന്നു. ആലുവയിൽ നിന്നാണ് ഈ സ്പിരിറ്റും മറ്റൂർ വാട്ടർ സർവീസ് സെന്ററിൽ കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. എസെൻസ് ചേർത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യമെന്ന പേരിൽ ലിറ്ററിന് 3500 രൂപയ്ക്കാണ് ഇവ വിറ്റിരുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കാലടി, ആലുവ ഈസ്റ്റ്, ചോറ്റാനിക്കര സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയതിട്ടുള്ളത്. ആലുവ എ.എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എസ്.പി അറിയിച്ചു.