പറവൂർ : ഓർമ്മവെച്ച കാലം മുതൽ ജീവിതദുരിതങ്ങൾ കണ്ടുവളർന്ന സഹോദരങ്ങൾ സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി. പറവൂർ കൈതാരം കോതകുളം നെൻമണി വളപ്പിൽ പരേതനായ ജോബിയുടേയു സ്വപ്നയുടേയും മക്കളായ കൈതാരം ഗവ. ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചും ഒന്നും ക്ളാസ് വിദ്യാർത്ഥികളായ ആഷ്വിനും ആദിഷുമാണ് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ കുരുന്നുകരങ്ങൾ നീട്ടിയെത്തിയത്.
രണ്ടുവർഷം മുമ്പ് അസുഖം ബാധിച്ച് പിതാവ് മരിച്ചു. സ്റ്റേഷനറി കടയിലെ ജീവനക്കാരിയായ സ്വപ്നക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനവും വിധവാ പെൻഷനുമാണ് ഏക വരുമാനമാർഗം. ഈ കുരുന്നുകൾക്ക് താങ്ങും തണലുമായത് സ്കൂളിലെ പി.ടി.എയാണ്. കുഞ്ഞനുജനോടൊപ്പം സൈക്കിളിൽ സ്കൂളിൽ വരാനുള്ള ആഗ്രഹത്താൽ രണ്ടുവർഷമായി സ്വരുക്കൂട്ടിയ 2,931രൂപ 50 പൈസയും ഇവരുടെ ഒരു വർഷത്തെ വിദ്യാഭ്യാസ ഗ്രാന്റുമായ 950 രൂപയും സ്വപ്നക്കു ലഭിക്കുന്ന വിധവാ പെൻഷൻ തുകയായ 1,200 രൂപയും ചേർത്ത് 5,081രൂപ 50 പൈസ പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് കൈമാറി. മഹാമാരി ഒഴിഞ്ഞിട്ടുമതി സൈക്കിൾ എന്ന നിലപാടിലാണ് ഈ കുരുന്നുകൾ. ഡെപ്യൂട്ടി തഹസിൽദാർ ടി.ജെ. ജോസഫ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, സ്കൂൾ വികസന കമ്മിറ്റി ചെയർമാൻ എം.ബി. സ്യമന്തഭദ്രൻ, പ്രധാനാദ്ധ്യാപിക വി.സി. റൂബി, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ കെ.എസ്. ഷാജി എന്നിവർ പങ്കെടുത്തു.