ആലുവ: കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നവരുടെ എണ്ണം ഏറിയതോടെയാണ് സാനിറ്ററൈസറിന്റെ മറവിൽ സ്പിരിറ്റ് കച്ചവടത്തിനും വ്യാജമദ്യ നിർമ്മാണത്തിനും വഴിതുറന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലും ഓഫീസുകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നതിനാൽ സാനിറ്റൈസറിന് വൻ ഡിമാന്റാണ്. ഇത് മുതലെടുത്താണ് സ്പിരിറ്റ് ലോബി വ്യാജമദ്യം നിർമ്മിക്കുന്നത്.

സാനിറ്റൈസറിൽ സാധാരണ ആൽക്കഹോൾ അംശം കൂടുതലായിരിക്കും. ആവശ്യത്തിന് കളറും കുപ്പിയിൽ സ്റ്റിക്കറും പതിച്ച് വിദേശമദ്യമാക്കിയാണ് വില്പന. ഒരു ലിറ്റർ കുപ്പിക്ക് 3500 രൂപക്ക് വരെ വിൽക്കുന്നുണ്ടെന്നാണ് കാലടിയിൽ പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തിയത്. ആലുവയിൽ പിടികൂടിയ കന്നാസുകളിലെല്ലാം വിവിധ പേരുകളിൽ സാനിറ്റൈസർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 70 ശതമാനം ആൾക്കഹോൾ അംശമുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. സാനിറ്റൈസർ നിർമ്മിക്കുന്ന കമ്പനിയുടെ പേരോ മറ്റ് രജിസ്റ്റർ നമ്പറുകളോ ഇല്ല. ഉപയോഗിക്കാവുന്ന കാലാവധിയും രേഖപ്പെടുത്തിയിട്ടില്ല. ചോറ്റാനിക്കരയിൽ പിടിയിലായവരും സാനിറ്റൈസറാണെന്ന നിലയിലാണ് പൊലീസിന് മൊഴി നൽകിയത്.

അശോകപുരത്തേത് ആഡംബര ഗോഡൗൺ

അശോകപുരത്ത് സ്പിരിറ്റ് പിടികൂടിയ ഗോഡൗൺ ആഡംബര ഗോഡൗൺ ആണ്. എട്ടുവർഷം മുമ്പാണ് കൊടികുത്തുമല സ്വദേശിയായ ഡോൾഫിൻ ബിജുവിന്റെ നേതൃത്വത്തിൽ ഇവിടെ ഗോഡൗൺ നിർമ്മിച്ചത്. കുറച്ചുനാൾ ഇവിടെ ചരക്ക് വാഹനങ്ങൾ വന്നിരുന്നെങ്കിലും പീന്നീട് കാലിയായി. ഗോഡൗണിന്റെ പുറമെ നിന്ന് നോക്കിയാൽ വൻകിട മാളുകളുടേത് പോലെ മനോഹരമാണ്. സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഡോൾഫിൻ ബിജു.