കൂത്താട്ടുകുളം: കാക്കൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും ഇന്നലെ വിരമിച്ച പി.കെ ശ്യാമള സർവീസിലെ അവസാന ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാങ്കിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കുമായി നൽകി. ബാങ്കിന്റെ ഒലിയപ്പുറം ശാഖയുടെ മാനേജർ പദവിയിൽ നിന്നും ശ്യാമള പിരിഞ്ഞുപോകുമ്പോൾ 32 വർഷത്തെ സേവനമാണ് അവസാനിച്ചത്. അവസാനം ലഭിച്ച ശമ്പളത്തിൽ 78769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 22000രൂപ ബാങ്ക് നടത്തിവരുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കുമായാണ് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പി.കെ ശ്യാമളയിൽ നിന്നും എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് ഏറ്റുവാങ്ങി.പാലിയേറ്റീവ് നിധിയിലേക്കുള്ള തുക ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാന് കൈമാറി.ബാങ്ക് ഡയറക്ടർ എം.എം ജോർജ്, കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എ.സി. ജോൺസൺ, ബാങ്ക് സെക്രട്ടറി ടി.എസ്. ശ്രീദേവി അന്തർജ്ജനം എന്നിവർ പങ്കെടുത്തു. റിട്ട.ഷിപ്പിയാഡ് ജീവനക്കാരൻ പെരിയപ്പുറം ചവറുകുളങ്ങര(അമൃത നിവാസ്) സി.എ. കൃഷ്ണൻകുട്ടിയാണ് ഭർത്താവ്.അഞ്ജലി, അഞ്ജന എന്നിവരാണ് മക്കൾ.