vora
കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ ഡോ. ദീപക് വോറ സംസാരിക്കുന്നു. ജിബു പോൾ, കെ.എൻ ശാസ്ത്രി, എസ്. രാജ്‌മോഹൻ നായർ, ആർ. മാധവ് ചന്ദ്രൻ എന്നിവർ സ്‌ക്രീനുകളിൽ

കൊച്ചി: കൊവിഡിന് ശേഷം ലോകത്തുണ്ടാകുന്ന മാറ്റങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ഡോ. ദീപക് വോറ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്‌സ് പരിപാടിയിൽ 'ചൈനീസ് വൈറസ് കൈകാര്യം ചെയ്ത് ഇന്ത്യ: ആത്മവിശ്വാസത്തിന്റെ ശക്തി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദനം, ദേശീയത, രോഗപ്രതിരോധ സംവിധാനം, സ്വാശ്രയത്വം, തോട്ടംമേഖല, പുനരുപയോഗ ഊർജം, ശാസ്ത്രം, മേഖലാതല ഗ്രൂപ്പുകൾ, പുതിയ ലോകക്രമം, ഇന്ത്യ, ഓൺലൈൻ സാമ്പത്തികരംഗം, ഡിജിറ്റൽ കൈമാറ്റം, ചെറുകിട ഇടത്തണം സംരംഭങ്ങൾ തുടങ്ങിയവക്ക് സാദ്ധ്യതകൾ വർദ്ധിക്കും.
കുടുംബങ്ങൾക്കെല്ലാം ബാങ്ക് അക്കൗണ്ടുകളും എല്ലാവർക്കും മൊബൈൽ ഫോണുകളുമുള്ള രാജ്യത്തിന് വലിയ സാദ്ധ്യതകളാണ് തുറന്നുകിട്ടുക. കേരളം മികച്ച രീതിയിലാണ് കൊറോണയെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വഴി നടത്തിയ ലീഡർ ടോക്‌സിന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, സീനിയർ വൈസ് പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, പ്രോഗ്രാം ചെയർ എസ്. രാജ്‌മോഹൻ നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ നേതൃത്വം നൽകി.