ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ധനമന്ത്രിക്ക് സമർപ്പിച്ചു
ന്യൂഡൽഹി: അടിസ്ഥാനസൗകര്യ വികസനത്തിന് കുതിപ്പേകാനും തൊഴിലവസരങ്ങൾ ഉയർത്താനും 2019-2025 കാലയളവിൽ മൊത്തം 111 ലക്ഷം കോടി രൂപ ചെലവഴിക്കണമെന്ന് കേന്ദ്രസർക്കാർ രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശം. ഇതിനുള്ള ധനസമാഹരണത്തിനായി കടപ്പത്ര വിപണി ശക്തമാക്കണമെന്നും വികസന ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിക്കണമെന്നും ഭൂസ്വത്തുക്കൾ പണമാക്കി മാറ്റണമെന്നും ധനമന്ത്രി നിർമ്മല സീതാരാമന് സമർപ്പിച്ച റിപ്പോർട്ടിൽ നാഷണൽ ഇൻഫ്രാസ്‌ട്രക‌്ചർ പൈപ്പ്‌ലൈൻ (എൻ.ഐ.പി) ടാസ്‌ക് ഫോഴ്സ് നിർദേശിച്ചു.
അടിസ്ഥാനസൗകര്യ വികസനത്തിനും അതുവഴി കൂടുതൽ തൊഴിലുകൾ സൃഷ്‌ടിക്കാനുമായി 100 ലക്ഷം കോടി രൂപയുടെ പദ്ധതികൾ അഞ്ചുവർഷത്തിനകം നടപ്പാക്കുമെന്ന് 2019ലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി അതനു ചക്രവർത്തി അദ്ധ്യക്ഷനായ ടാസ്‌ക് ഫോഴ്‌സ്, മൂന്ന് സമിതികളുടെ രൂപീകരണവും ശുപാർശ ചെയ്‌തിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കാനും കാലതാമസം ഒഴിവാക്കാനുമുള്ളതാണ് അതിലൊന്ന്. രണ്ടാമത്തേത്, പദ്ധതികളുടെ തുടർച്ചയ്ക്കായി സ്‌റ്റിയറിംഗ് കമ്മിറ്രി. പദ്ധതികളുടെ വിഭവ സമാഹരണത്തിനുള്ള സ്‌റ്റിയറിംഗ് കമ്മിറ്റിയാണ് മുന്നാമത്തേത്. ടാസ്‌ക് ഫോഴ്‌സ് ഡിസംബറിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത് അടുത്ത അഞ്ചുവർഷത്തിനകം 102 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ നടപ്പാക്കണം എന്നായിരുന്നു.
വികസനത്തിന്റെ വഴി
₹44 ലക്ഷം കോടി
ആകെ ലക്ഷ്യമിടുന്ന 111 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളിൽ 44 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനമാണിത്.
₹33 ലക്ഷം കോടി
മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനം വരുന്ന 33 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രാഥമിക തലത്തിലാണ്.
₹22 ലക്ഷം കോടി
മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനം വരുന്ന 22 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ പ്രാരംഭ ചർച്ചകൾ പുരോഗമിക്കുന്നു.
തുല്യ പങ്കാളിത്തം
2025നകം ലക്ഷ്യമിടുന്ന 111 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രത്തിന് 39 ശതമാനവും സംസ്ഥാനങ്ങൾക്ക് 40 ശതമാനവും പങ്കാളിത്തമാണ് ഉണ്ടാവുക. 21 ശതമാനം പങ്കുവഹിക്കുക സ്വകാര്യ മേഖലയാണ്.
71%
മൊത്തം വികസന പദ്ധതികളിലെ 71 ശതമാനവും ഊർജം, റോഡ്, നഗരം, റെയിൽവേ എന്നിവ കേന്ദ്രീകരിച്ചായിരിക്കും.
ഊർജം : 24%
റോഡ് : 18%
നഗരം : 17%
റെയിൽ : 12%
$5 ട്രില്യൺ
ഇന്ത്യയെ 2025ഓടെ അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി വളർത്തുന്നതിന്റെ ഭാഗമാണ് കേന്ദ്രസർക്കാരിന്റെ ഈ മെഗാ അടിസ്ഥാനസൗകര്യ വികസന പദ്ധതി.