agriculture

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും മൂലം നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) സർവ മേഖലകളും തളരുമെന്നാണ് വിലയിരുത്തലെങ്കിലും കാർഷിക മേഖല മികച്ച വളർച്ച കൊയ്യുമെന്ന് കേന്ദ്രത്തിന്റെ പ്രതീക്ഷ. 2019-20ൽ കാർഷിക മേഖല 3.7 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ കുറയാത്ത വളർച്ച നടപ്പുവർഷവും ഉണ്ടാകുമെന്ന് കേന്ദ്ര കാർഷിക-ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

നടപ്പുവർഷത്തെ ജി.ഡി.പിയുടെ വളർച്ചയിൽ 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ കുതിപ്പിന് കാർഷിക മേഖല പങ്കുവഹിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൊവിഡിൽ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക് വീണിട്ടില്ലെന്ന ആശ്വാസം കേന്ദ്രത്തിനുണ്ട്. കാർഷികോത്പന്നങ്ങളുടെ ഡിമാൻഡ് മങ്ങിയിട്ടില്ല. ഈ വർഷം മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രവചനം ഫലിച്ചാൽ, കാർഷികരംഗം നേരിടുന്ന 70 ശതമാനം പ്രശ്‌നങ്ങൾക്കും പരിഹാരവുമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടുമിക്ക ഏജൻസികളും നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 2.8 ശതമാനത്തിൽ കൂടില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. എന്നാൽ, കാർഷിക മേഖല മൂന്നു ശതമാനത്തിൽ കുറയാത്ത വളർച്ച നേടിയാൽ, അത് ജി.ഡി.പി വളർച്ചയ്ക്ക് 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ കുതിപ്പ് സമ്മാനിക്കുമെന്ന് നീതി ആയോഗ് അംഗം രമേശ് ചന്ദ് പറഞ്ഞു.

വിളകളിൽ വിശ്വാസം

ലോക്ക്ഡൗണിൽ കേന്ദ്രം ആദ്യം ഇളവ് നൽകിയത് കാർഷിക മേഖലയ്ക്കാണെന്ന് പറഞ്ഞ കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ, നടപ്പുവർഷം മികച്ച ഉത്‌പാദനം പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി. ഖരീഫ് വിളകൾക്ക് നടപ്പുവർഷം ലക്ഷ്യമിട്ട 298.3 മില്യൺ ഉത്‌പാദനം കൈവരിക്കും. റാബി ഓയിൽസീഡ്, ധാന്യ വിളകളിലും മികച്ച പ്രതീക്ഷയാണുള്ളത്.