ഇടുക്കി : വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് സൗകര്യമില്ലാത്തവരെയും ബുദ്ധിമുട്ടുന്നവരേയും മാറ്റി പാർപ്പിക്കാൻ ലോഡ്ജുകളോ ഹോംസ്റ്റേകളോ കണ്ടെത്തി നൽകാൻ ജില്ലാകലക്ടർ എച്ച്. ദിനേശൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടു. ഓരോ ബ്ലോക്കിലും ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കണം.അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ടെലിവിഷൻ സെറ്റോ മറ്റു വിനോദോപാധികളായ ചീട്ടോ കാരംസ്‌ബോർഡോ ലഭ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ എടുക്കാൻ ആളില്ലാത്ത സാഹചര്യമുണ്ടെങ്കിൽ കലക്ടറേറ്റ് കൺട്രോൾ റൂമിൽ അറിയിച്ചാൽ പരിഹാരമുണ്ടാക്കും. രോഗികൾക്ക് മരുന്ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൊറോണ പ്രതിരോധം സംബന്ധിച്ച സർക്കാർ ഉത്തരവുകളും ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ എന്ന നിലയിൽ ജില്ലാഭരണകൂടം പുറപ്പെടുവിക്കുന്ന ഉത്തരവുകളും പ്രത്യേകം രൂപീകരിച്ചിട്ടുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. കാലതാമസം കൂടാതെ പരിശോധിച്ച് ബ്ലോക്ക് സമിതികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാകലക്ടർ വീഡിയോ കോൺഫറൻസിൽ ഓർമ്മിപ്പിച്ചു. എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ഡെപ്യൂട്ടി കലക്ടർ എസ്. ഹരികുമാർ, ഡി.എം.ഒ ഡോ. എൻ. പ്രിയ, ഡി.പി.എം സുജിത് സുകുമാരൻ, ഡി.എസ്.ഒ അജേന്ദ്രൻ ആചാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, ഹസാർഡ് അനലിസ്റ്റ് സുസ്മി തുടങ്ങിയവർ സംബന്ധിച്ചു.