ഇടുക്കി : 'ഹരിത പ്രോട്ടോകോൾ' പാലിച്ചാണ് സമൂഹ അടുക്കളയുടെ പ്രവർത്തനം. പാചകം മുതൽ ഭക്ഷണപ്പൊതി വിതരണം വരെ ഒരു ഘട്ടത്തിലും പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നില്ല. ഉച്ചയൂണ് പൊതികെട്ടുന്നത് വാഴയിലയിലാണ്. ദിവസവും വാഴയിലയെത്തിക്കാൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവസാന ദിവസം വരെ ഇലയെത്തിക്കൽ മുടങ്ങാതിരിക്കാൻ ഇയാൾക്ക് വാഹന പാസും ലഭ്യമാക്കി. രാവിലെയും വൈകിട്ടുമുള്ള ഭക്ഷണവും പ്ലാസ്റ്റിക് രഹിത പേപ്പറിൽ പൊതിഞ്ഞാണ് നൽകുന്നത്. രാവിലെ എട്ട് മണിക്ക് ഉപ്പുമാവ് അല്ലെങ്കിൽ പുട്ടും കടലയും, ഉച്ചക്ക് 12 മണിയോടെ സാമ്പാർ, അവിയൽ, ഓലൻ, കാളൻ, പച്ചടി തുടങ്ങിയ കറികൾ ഉൾപ്പെടുത്തിയുള്ള പൊതി ചോറ്, വൈകിട്ട് 5 മണി മുതൽ രാത്രി ഭക്ഷണമായ ചപ്പാത്തി കറി എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. പാചകത്തിന്റെ ചുമതല നഗരസഭാ കുടുംബശ്രീക്കാണ്. കുടുംബശ്രീയിലെ പ്രവർത്തകരും മുനിസിപ്പൽ ജീവനക്കാരുമാണ് ഭക്ഷണം തയ്യാറാക്കുന്നത്. മുനിസിപ്പൽ ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ അടുക്കളയിലേക്ക് വിവിധ സംഘടനകളും വ്യക്തികളും പച്ചക്കറിയും അരിയുമുൾപ്പെടെയുള്ളവ സംഭാവനയായും എത്തിച്ച് തുടങ്ങിയതായി അധികൃതർ പറഞ്ഞു. കൂടാതെ ഭക്ഷണം കിട്ടാതെ വരുന്ന അതിഥി തൊഴിലാളികൾക്കും ഇവിടെ നിന്നും ഭക്ഷണം കൊടുക്കുന്നുണ്ട്. ഓരോ ദിവസവും ആവശ്യക്കാരുടെ എണ്ണം കൂടി വരുന്നതായി നഗരസഭാ അധികൃതർ പറഞ്ഞു. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സമൂഹ അടുക്കള സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു.