തൊടുപുഴ : ലോക്ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ ഇരിക്കുന്ന കുട്ടികൾക്ക് രസകരമായ പഠന വിഭവങ്ങൾ ഒരുക്കുകയാണ് തൊടുപുഴ സെന്റ്. സെബാസ്റ്റ്യൻ യുപിസ്‌കൂൾ അദ്ധ്യാപകർ. 'ഉല്ലാസകളരി ' എന്ന പദ്ധതിയുടെ ഭാഗമായി മാർച്ച് 31 വരെ വിവിധ പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അതിന്റെ വിലയിരുത്തലുകൾ അദ്ധ്യാപകർ നടത്തുകയും ചെയ്തിരുന്നു. 'ഉല്ലാസകളരി' രണ്ടാംഘട്ടത്തിൽ 25 ടാസ്‌കുകളാണ് കുട്ടികൾക്ക് നൽകുന്നത്. അഞ്ചൽപെട്ടി ,റൂട്ട് മാപ്പ്, ഗ്രീൻ സല്യൂട്ട് ,കിളികൊഞ്ചൽ , ശലഭകാഴ്ചകൾ , പത്രവാർത്ത ,എന്റെ വീട് ,അമ്മമനസ്സ്, പാചക വീഡിയോ, വരയ്ക്കാം ഒട്ടിക്കാം , ഫാമിലി ട്രീ , എഴുത്താണി, ഭാരതം എന്റെ അഭിമാനം , ഇംഗ്ലീഷ് മാമൻ, സിഗ്‌നേച്ചർ ട്രീ സിനിമ ക്ലൈമാക്‌സ് , ചിത്രരചന, എഞ്ചുവടി , ട്രോൾ നിർമാണം, കുട്ടിശാസ്ത്രജ്ഞൻ, ജലസംരക്ഷണ മാർഗങ്ങൾ, വായ്ത്താരി ശേഖരണം, ഈ അവധിക്കാലം ഇങ്ങനെ നീണ്ടു പോയാൽ , എന്നീ 25 ടാസ്‌കുകൾ കുട്ടികൾ വീട്ടിലിരുന്ന് പൂർത്തിയാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. ഏപ്രിൽ 30 വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി. സ്‌കൂളിലെ 730 കുട്ടികളെയും ഉൾപ്പെടുത്തി ഉണ്ടാക്കിയിരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് കുട്ടികൾ തങ്ങളുടെ ഉത്പന്നങ്ങൾ ഫോട്ടോ എടുത്ത് അയക്കേണ്ടത് . ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ഇവ വിലയിരുത്തി മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. അവധിക്കാല പഠന പ്രവർത്തനത്തിലൂടെ കുട്ടികളുടെ അലസത മാറ്റുക, സർഗ്ഗശേഷി വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അദ്ധ്യാപകർ അറിയിച്ചു.