തൊടുപുഴ: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ സമഗ്ര കർഷക സംരക്ഷണ നിയമം കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലയളവിൽ കർഷകർക്ക് വായ്പയുടെ മാസത്തവണ അടയ്ക്കേണ്ട എന്നു മാത്രമാണ് സർക്കാർ പറയുന്നത്. പിന്നീട് ഈ തുക പലിശസഹിതം അടയ്ക്കേണ്ട സാഹചര്യമാണുള്ളത്. ഈ കാലയളവിലെ പലിശ ഒഴിവാക്കി നൽകാൻ സർക്കാർ തയ്യാറാകണം. മിൽമ പാൽ സംഭരിക്കാൻ തയ്യാറാകാത്തത് മൂലം ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. മത്സ്യകാർഷികമേഖലയുടെ അവസ്ഥയും വ്യത്യസ്തമല്ല. ന്യായവിലയ്ക്ക് മത്സ്യഫെഡ് മുഖേനയോ മറ്റ് ഏജൻസികൾ മുഖാന്തിരമോ മത്സ്യം കർഷകരിൽ നിന്നും വാങ്ങി വില്പന നടത്തിയാൽ ഈ മേഖലയിലെ കർഷകർക്ക് തുണയാകും. വി.എഫ്.പി.സി.കെ പോലുള്ള സർക്കാർ ഏജൻസികൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കർഷകരിൽ നിന്ന് പഴം, പച്ചക്കറി എന്നിവ ശേഖരിക്കണം. ഓർഡിനൻസിലൂടെ കർഷക സംരക്ഷണ നിയമം അടിയന്തരമായി നടപ്പിലാക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.