ration

കട്ടപ്പന: പൊതുവിതരണ കേന്ദ്രം തുറക്കാൻ താമസിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ. കൊച്ചുതോവാളയിലെ റേഷൻകടയാണ് മുക്കാൽ മണിക്കൂറോളം താമസിച്ചുതുറന്നത്. റേഷൻ കാർഡിലെ പൂജ്യം, ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന ഗുണഭോക്താക്കൾക്കാണ് ഇന്നലെ സൗജന്യ റേഷൻ വിതരണം ചെയ്തത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു പ്രവർത്തനസമയം. ഇന്നലെ രാവിലെ എട്ടുമുതൽ കൊച്ചുതോവാളയിലെ റേഷൻകടയിൽ നിരവധി പേർ എത്തിയിരുന്നു. ഒമ്പത് കഴിഞ്ഞിട്ടും റേഷൻ കടയുടമ എത്താതിരുന്നതോടെ ഗുണഭോക്താക്കൾ ബഹളമുണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർ സിബി പാറപ്പായി, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ എന്നിവരും കട്ടപ്പന പൊലീസും സ്ഥലത്തെത്തി ഗുണഭോക്താക്കൾ കൂട്ടം ചേരാതെ നിയന്ത്രിച്ചു. തുടർന്ന് കടയുടമയെ വിളിച്ചുവരുത്തി 9.45ന് വിതരണം ആരംഭിച്ചു.