കട്ടപ്പന: നിർധന കുടുംബങ്ങൾക്ക് സ്വന്തം ചെലവിൽ നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിച്ചുനൽകി ഇരട്ടയാർ പഞ്ചായത്ത് അംഗം റെജി ഇലിപ്പുലിക്കാട്ട്. ലോക്ക്ഡൗൺ തുടരുന്നതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത നാലാം വാർഡിലെ കുടുംബങ്ങൾക്കാണ് അരി, പയർ വഗങ്ങൾ, പച്ചക്കറി എന്നിവയടങ്ങിയ കിറ്റ് നൽകുന്നത്. ഇതിനോടകം 20ൽപ്പരം കുടുംബങ്ങൾക്ക് സഹായം നൽകിക്കഴിഞ്ഞു. സർക്കാരും പഞ്ചായത്തും നൽകുന്ന സഹായത്തിനു പുറമേയാണിത്. ഭക്ഷ്യസാധനങ്ങൾ ആവശ്യപ്പെട്ട് നിരവധി പേർ വിളിച്ചതോടെയാണ് സഹായമെത്തിക്കാൻ റെജി തീരുമാനിച്ചത്. മുമ്പ് പ്രളയകാലത്തും ഇത്തരത്തിൽ നിർധന കുടുംബങ്ങളെ സഹായിച്ചിരുന്നു.