വേൾഡ് ക്ളാസിക്കുകൾ വരെ വീടുകളിലേയ്ക്ക്
കട്ടപ്പന: ലോക്ക്ഡൗൺ ദിനങ്ങളുടെ വിരസത ഒഴിവാക്കാനായി വായനയുടെ ജാലകം തുറന്ന് വാഗമൺ പൊലീസ്. സ്‌റ്റേഷൻ പരിധിയിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ലോക ക്ലാസിക്കുകളുടെ മലയാളം പരിഭാഷയാണ് സൗജന്യമായി നൽകിവരുന്നത്. പൊലീസുകാർ നൽകിയതല്ലേ, വെറുതേ വാങ്ങി വച്ചേക്കാം എന്നു കരുതിയാൽ പറ്റില്ല. പുസ്തകം വായിച്ചുകഴിഞ്ഞാൽ നല്ലൊരു ആസ്വാദനക്കുറിപ്പ് തയാറാക്കി ലോക്ക്ഡൗൺ കാലയളവ് കഴിയുമ്പോൾ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചുനൽകുകയും വേണം.
എഴുത്തുകാരനും കവിയുമായ സി.ഐ: ആർ. ജയസനിലാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.തന്റെ ശേഖരത്തിലുള്ള പുസ്തകങ്ങളാണ് ഹോം ക്വാറന്റിനിൽ കഴിയുന്നവർക്കും നിരീക്ഷണം പൂർത്തീകരിച്ചവർക്കും ഉൾപ്പെടെ വിതരണം ചെയ്യുന്നത്. ഹോം ക്വാറന്റിൻ കാലയളവ് പൂർത്തീകരിച്ചവരുടെ താമസസ്ഥലത്തെത്തി അവരുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ലോക ക്ലാസിക് പുസ്തകങ്ങളായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ, മാക്‌സിൻ ഹോർക്കിയുടെ അമ്മ, ലൂയിസ് കരോളിന്റെ ആലീസ് ഇൻ വണ്ടർലാൻഡ്, ദസ്തയേവിസ്‌കിയുടെ കുറ്റവും ശിക്ഷയും, ഷേക്‌സ്പിയറിന്റെ മാക്ബത്ത്, ആർതർ കോനൻ ഡോയലിന്റെ ഷെർലക്‌ഹോംസ് സ്‌കാർലറ്റ്, ഡാനിയേൽ ഡിഫോയുടെ റോബിൻസൺ ക്രൂസോ, വില്യം ഷേക്‌സ്പിയറിന്റെ ഒഥല്ലോ, റുഡ്യാർഡ് ക്ലിപ്പിങ്ങിന്റെ ജംഗിൾബുക്ക് തുടങ്ങിയവയാണ് നാട്ടുകാർക്ക് നൽകിയത്. എസ്.ഐ. എ.ആർ. ജയശ്രീ, എസ്.ഐ. കെ. സുനിൽ കുമാർ, കോവിഡ് കൺട്രോൾ ടീം അംഗം എസ്.സി.പി.ഒ. പി.എസ്. ലെനിൻ, സി.പി.ഒമാരായ വി.ആർ. ജയൻ, നൈനാൻ കെ.സ്‌കറിയ എന്നിവരടങ്ങിയ സംഘമാണ് പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നത്.