തൊടുപുഴ: സാമൂഹിക അകലം ഉറപ്പാക്കി കോവിഡ് 19 കാലത്തേക്കുള്ള സൗജന്യ റേഷൻ വിതരണം ജില്ലയിലെമ്പാടും സുഗമമായി ആരംഭിച്ചു. റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കത്തിന് അനുസരിച്ച് തയാറാക്കിയ ക്രമത്തിലാണ് ആദ്യ അഞ്ച് ദിവസങ്ങളിലെ റേഷൻ വിതരണം. സർക്കാർ നിർദേശങ്ങൾ പാലിച്ച് ആശയക്കുഴപ്പമൊട്ടും ഇല്ലാതെയാണ് സൗജന്യറേഷൻ വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായത്. പലയിടങ്ങളിലും ആളുകൾ കൂട്ടമായെത്തിയെങ്കിലും ജനപ്രതിനിധികളുടെയും പഞ്ചായത്ത് വോളന്റീയർമാരുടെയും ഇടപെടലിൽ ഇവരെ സാമൂഹിക അകലം പാലിച്ചുനിറുത്തി. റേഷൻ കടകൾക്ക് മുൻപിൽ ഒരു മീറ്റർ അകലത്തിൽ വൃത്തം വരച്ചാണ് പലയിടത്തും ആളുകളെ നിറുത്തിയത്. പെരുമ്പിള്ളിച്ചിറയിലെ റേഷൻകടയിൽ ഉപഭോക്താക്കൾക്ക് ഒരു മീറ്റർ അകലത്തിൽ കസേരിയിട്ട് നൽകിയത് ശ്രദ്ധയാകർഷിച്ചു. ഇവിടെ ജനങ്ങൾക്ക് കൈ വൃത്തിയാക്കാനും സൗകര്യമൊരുക്കിയിരുന്നു. ഒരു സമയം അഞ്ച് പേർ മാത്രമാണ് ക്യൂവിൽ നിന്നത്. ഇതിന് പലയിടത്തും ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരുന്നു. രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ മുൻഗണനാവിഭാഗത്തിൽപ്പെടുന്ന മഞ്ഞ, പിങ്ക് കാർഡുടമകൾക്കായിരുന്നു റേഷൻ വിതരണം. ഉച്ച കഴിഞ്ഞ് നീല , വെള്ള കാർഡുകൾക്കും. ക്രമമനുസരിച്ചുള്ള നിയന്ത്രണം ഞായാറ്ച വരെയാണ് ബാധകം. ഈ മാസം ഇരുപത് വരെ സൗജന്യ റേഷൻ ലഭിക്കും. അതിനാൽ തന്നെ ആരും തിടുക്കപ്പെടേണ്ടെന്നാണ് റേഷൻ വ്യാപാരികളുടെ അഭ്യർത്ഥന.

ഇന്ന് റേഷൻ കിട്ടുന്നത്

2, 3 അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്ക്

ലഭിക്കുന്ന ധാന്യത്തിന്റെ അളവ്

അന്ത്യോദയാ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പിങ്ക് കാർഡ് ഉള്ളവർക്ക് ഒരു അംഗത്തിന് അഞ്ച് കിലോ വീതം സൗജന്യ ധാന്യം ലഭിക്കും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അത് തുടർന്നും ലഭിക്കും.

എന്നുവരെ

ഏപ്രിൽ 20 ന് മുൻപ് സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും. അതിനശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണം.

വീട്ടിലെത്തിക്കും

റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തിച്ച് കൊടുക്കാൻ കടയുടമ ക്രമീകരണം ഉണ്ടാക്കണം. ഇതിന് ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം ഉപയോഗിക്കാം.

റേഷൻ കാർഡ് ഇല്ലാത്തവർക്ക്

റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യധാന്യം നൽകും. ഇതിനായി ആധാർ കാർഡും ഫോൺ നമ്പരും ചേർത്തുള്ള സത്യവാങ്മൂലം റേഷൻ വ്യാപാരിക്ക് നൽകണം.

തെറ്റായ വിവരങ്ങൾ നൽകിയാൽ

റേഷൻ കാർഡില്ലെന്ന് കളവായി സത്യവാങ്മൂലം നൽകി റേഷൻ കൈപ്പറ്റുന്നവരിൽ നിന്ന് ധാന്യത്തിന്റെ മാർക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.