തൊടുപുഴ: ഒറ്റദിവസം തന്നെ അഞ്ചു പേർക്കു കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗികളുടെ എണ്ണം പത്തായി. ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ പത്തു പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ട് നിലവിൽ ആറു പേർക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. നാലു പേർ ചുരുളി സ്വദേശികളും രണ്ടു പേർ ബൈസൺവാലി സ്വദേശികളുമാണ്. ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച അഞ്ച് രോഗികളിൽ നാലും കോൺഗ്രസ് നേതാവിൽ നിന്ന് രോഗം പകർന്നവരുടെ കുട്ടികളടക്കമുള്ള കുടുംബാഗങ്ങളാണ്. ഇതോടെ ഇവരുമായി ബന്ധപ്പെട്ടവരെല്ലാം ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതുകൂടാതെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ കുമ്പംകല്ല് സ്വദേശിയായ 58കാരനാണ് അഞ്ചാമത്തെയാൾ. ജനുവരി അഞ്ചിന് നാട്ടിൽ നിന്ന് പോയ തബ്‌ലീഗ് പ്രവർത്തകൻ നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 23ന് തിരികെ വന്നതായാണ് വിവരം. തിരികെയെത്തിയപ്പോൾ മുതൽ പനിയുണ്ടായിരുന്ന ഇയാൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം നടത്തിയ തിരച്ചിലിലാണ് ഇയാളുൾപ്പെടെ ഏഴ് പേരെ കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 31നാണ് ഇയാളുടെ സ്രവം പരിശോധിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ സ്രവപരിശോധനാ ഫലം ഇന്ന് വരും. കൂട്ടത്തിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സ്ഥിതിക്ക് ബാക്കിയുള്ളവരുടെ സ്രവം കൂടി പരിശോധനയ്‌ക്കെടുക്കും. ഇന്നലെ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2836 പേർ

കൊവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 2836 പേർ. ഇതിൽ ഏഴ് പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ ഒരാളെ കൂടി ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ 40 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇന്നലെ 11 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. ഇതുവരെ വന്ന സ്രവ പരിശോധനാ ഫലങ്ങളിൽ 156 എണ്ണം നെഗറ്റീവാണ്. 19 ഫലങ്ങൾ കൂടി വരാനുണ്ട്.