തൊടുപുഴ: വ്യാപാരികൾക്കുള്ള വാടക ഇളവ് അനുവദിച്ച് ഉത്തരവിറക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അഭിനന്ദിച്ചു. മർച്ചന്റ്സ് അസോസിയേഷനും മർച്ചന്റ്സ് യൂത്ത് വിംഗും ഈ വിഷയം ആവശ്യപ്പെട്ട്‌ സർക്കാരിലേക്ക് 1000 കത്തുകൾ അയച്ചിരുന്നു. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാതെ ചെറുകിട കർഷകരും വ്യാപാരികളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ ആവശ്യം പരിഹരിക്കുന്നതിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം. കൂടാതെ മൊറോട്ടോറിയം കാലാവധിയിൽ ചെറുകിട വ്യാപാരികൾ എടുത്തിട്ടുള്ള ലോണുകൾക്ക് പലിശയിളവ് അനുവദിക്കണം. കമ്മ്യൂണിറ്റി കിച്ചൺ, ജില്ലാ ആശുപത്രി, അതിഥി തൊഴിലാളികൾ തുടങ്ങി എല്ലാ രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ തലങ്ങളിലും സഹായം എത്തിക്കുന്നവരാണ് ചെറുകിട കച്ചവടക്കാർ. ഈ സന്ദർഭത്തിൽ കടയുടെ സ്ഥലപരിമിതി മൂലം തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ച 100കിലോ സവാള പിടിച്ചെടുത്ത് കച്ചവടക്കാർ പൂഴ്ത്തിവയ്പുകാരാണെന്ന് പറയുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്തണമെന്ന് അടിയന്തര സെക്രട്ടേറിയറ്റ് യോഗം സർക്കാരനോട് ആവശ്യപ്പെട്ടു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗത്തിൽ ജന. സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ ഷെരീഫ് സർഗം, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, യൂത്ത് വിംഗ് ജന. സെക്രട്ടറി രമേഷ് പി.കെ എന്നിവർ അറിയിച്ചു.