ചെറുതോണി:തെരുവ്‌നായ്ക്കളുടെ അക്രമണത്തിൽ വിരണ്ടോടിയ മ്ളാവിൻകുഞ്ഞ് കിണറ്റിൽ വീണു. ഇടുക്കി ഫയർ ഫോഴ്‌സ് എത്തി സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മ്ലാവിനെ രക്ഷപെടുത്തി. ഇന്നലെ രാവിലെ ഒൻപത് മണിയോടെ യാണ് തെരുവു നായ്ക്കൾ ഓടിച്ച മ്ലാവിൻ കുഞ്ഞ് ഇടുക്കി അണക്കെട്ടിന് സമീപത്തുള്ള കൃഷിയിടത്തിൽ എത്തപ്പെട്ടത്. ഇടുക്കി കാലായിപ്പറമ്പിൽ എൽദോസിന്റെ പറമ്പിലെ കിണറ്റിൽ ആണ് മ്ലാവിന്റെ കുഞ്ഞ് വീണത്. പ്രദേശവാസികൾ അറിയിച്ചതോടെ ഇടുക്കി ഫയർ ഫോഴ്‌സ് എത്തി മ്ലാവിനെ കരയ്ക്കു കയറ്റുകയായിരുന്നു. രണ്ടാഴ്ച്ച മുൻപ് ജില്ലാ ആശുപത്രിക്ക് സമീപം വനമേഖലയിൽ നിന്ന് റോഡിലേക്ക് വീണ് മ്ലാവിൻ കുഞ്ഞ് ചത്തിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ പെടുന്നതിനിടെയാണ് അന്ന് മ്ലാവ് കൊല്ലപ്പെട്ടത്. കരയ്ക്ക് കയറ്റിയ മ്ലാവിന്റെ കുഞ്ഞിനെ വനപാലകർക്ക് കൈമാറി. പ്രാഥമിക ചികത്സയ്ക്ക് ശേഷം മ്ലാവിൻ കുഞ്ഞിനെ വനത്തിൽ തുറന്നു വിടും.