ദയനീയ സ്ഥിതി മനസിലാക്കി ഭക്ഷണവും ചെലവിന് പണവും നൽകി
മുട്ടം: ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ കോട്ടയത്ത് നിന്ന് കാഞ്ഞാറിലേക്ക് കാൽനട യാത്ര ചെയ്ത മാതാവിനും മകനും പൊലീസിന്റ സഹായ ഹസ്തം.ഇന്നലെ രാവിലെ പട്രോളിങ്ങിനു പോയ അസിസ്റ്റന്റ് എസ് ഐ മുഹമ്മദാലിയും സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപും നജീബും തുടങ്ങനാടിന് സമീപത്തുവെച്ചാണ് അവശരായി നടന്ന് വരുന്ന മുപ്പത്കാരി മാതാവിനെയും10 വയസു പ്രായമുള്ള മകനെയും കണ്ടത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കിടക്കുന്ന ഇവരുടെ ഭർത്താവിന്റെയടുത്ത് പോയി തിരികെ കാഞ്ഞാറിലെ വീട്ടിലേയ്ക്ക് മടങ്ങുകയാണെന്ന് മാതാവ് പൊലീസുകാരോട് പറഞ്ഞു.ബുധനാഴ്ച വൈകിട്ട് 6.30 നാണ് ഇവർ കോട്ടയത്തുനിന്നും കഞ്ഞാറിലേക്ക് പുറപ്പെട്ടത്.ഭക്ഷണം കഴിക്കാത്തതിനാലും കത്തുന്ന വേനൽ ചൂടിൽ കോട്ടയം മുതൽ നടന്ന് വന്നതിനാലും ഇരുവരും ഏറെ അവശരായിരുന്നു.പൊലീസ് ഇവരെ ജീപ്പിൽ കയറ്റി മുട്ടത്തിന് സമീപത്തുള്ള കടയിൽ നിന്നും ഭക്ഷണം വാങ്ങി നൽകി ഉച്ചക്കത്തേയ്ക്ക് കഴിക്കാനുള്ള ചോറ് പാഴ്‌സലായും വാങ്ങി നൽകി.കൂടാതെ ഒരു മാസത്തേയ്ക്ക് ആവശ്യമുള്ള ആഹാര സാധനങ്ങൾ മുട്ടം മാവേലി സ്റ്റോറിൽ നിന്നും വാങ്ങി നൽകുകയും ചെയ്തു.അത്യാവശ്യചെലവിലേയ്ക്കായി കുറച്ച് പണവും നൽകി പൊലീസ് ജിപ്പിൽ തന്നെ ഇവരെ കാഞ്ഞാറിലെ വാടകവീട്ടിലെത്തിച്ചു. നെടുങ്കണ്ടം സ്വദേശികളാണ് ഈ മാതാവും മകനും. ഭർത്താവ് അപകടത്തിൽ പെട്ട് നെടുങ്കണ്ടത്തെ ആശുപത്രിയിലായിരുന്നു. ചികിത്സക്ക് പണമില്ലാത്തതിനാൽ വീടും സ്ഥലവും വിറ്റാണ് കാഞ്ഞാറിലേക്ക് താമസം മാറ്റിയത്.ഇവരുടെ കഥ കേട്ടറിഞ്ഞു മനസലിഞ്ഞാണ് പൊലീസ് ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നത്.