തൊടുപുഴ: വണ്ണപ്പുറം മേഖലയിലെ പിന്നാക്ക ആദിവാസി മേഖലകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് സഹായവുമായി തൊടുപുഴ ഫയർഫോഴ്‌സ് സംഘം. പഞ്ചായത്തിലെ മുള്ളൻകുടി, ഒടിയപാറ, മുള്ളരിങ്ങാട്, പട്ടയക്കുടി, വാൽപ്പാറ, ഊരുകണ്ണി തുടങ്ങിയ ആദിവാസി മേഖലകളിലാണ് ഫയർഫോഴ്‌സ് സംഘം സന്ദർശിച്ചത്. കാൻസർ, കിഡ്‌നി, ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെ വലയുന്നവർ ഇവിടെയുണ്ടായിരുന്നു. വാഹനം ലഭിക്കാത്തതിനാൽ ഡയാലിസിസ് നടത്താൻ പോലും കഴിയാത്ത രോഗികളാണ് വീടുകളിൽ കഴിഞ്ഞിരുന്നത്. ഇവരെ ഇന്നു മുതൽ ഫയർഫോഴ്‌സ് ആംബുലൻസിൽ ആശുപത്രികളിലെത്തിക്കും. ആസ്തമ മൂലം വലഞ്ഞ രണ്ട് രോഗികളെ ഇന്നലെ തന്നെ ജീപ്പിൽ വണ്ണപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. ലോക്ക് ഡൗൺ തീരുന്നതു വരെ ഫയർഫോഴ്‌സിന്റെ സൗജന്യ സേവനം ഇത്തരം മേഖലകളിൽ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ ടി.വി.രാജൻ, ഫയർ ഓഫീസർമാരായ പി.വി. സജീവ്, കെ. പ്രശാന്ത് കുമാർ, ടി.ആർ. ജിനീഷ് എന്നിവരാണ് ആദിവാസി മേഖലകളിൽ സേവനത്തിനെത്തിയത്. വണ്ണപ്പുറം മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസും ഇവർക്കൊപ്പമുണ്ടായിരുന്നു.