തൊടുപുഴ: സബ് ട്രഷറിയിൽ നിന്ന് ആദ്യ ദിനം സർവ്വീസ് പെൻഷൻ വാങ്ങിയത് 150 പേർ. പെൻഷൻ അക്കൗണ്ട് നമ്പർ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവർക്ക് മാത്രമായാണ് ആദ്യ ദിവസത്തെ പെൻഷൻ വിതരണം ക്രമീകരിച്ചിരുന്നത്. ഇവർ മാത്രമാണ് പെൻഷൻ വാങ്ങാൻ ട്രഷറിയിലേക്ക് പ്രവേശിക്കുന്നതെന്ന് പെൻഷൻ സംഘടനയിലെ വളണ്ടിയർമാർ ഉറപ്പാക്കി. ഇതിനായി ആറു പേരടങ്ങുന്ന വളണ്ടിയർമാർ രാവിലെയും ഉച്ചകഴിഞ്ഞും തിരക്ക് നിയന്ത്രിച്ചു. ഇത് ട്രഷറി ജീവനക്കാർക്ക് സഹായമായി. അഞ്ച് ടെല്ലർ കൗണ്ടറാണ് പെൻഷൻ വിതരണത്തിനായി സജീകരിച്ചിരുന്നത്. ഒരു മീറ്റർ അകലം പാലിച്ചാണ് പെൻഷൻ വാങ്ങാനെത്തിയവരെ നിറുത്തിയത്. അഞ്ചുപേരെയാണ് ഒരേസമയം ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. വരും ദിവസങ്ങളിലും ഈ ക്രമീകരണം തുടരാനാണ് നീക്കം.