തൊടുപുഴ: മൊബൈലിൽ ഗെയിം കളിയ്ക്കുന്നതിനിടെ വാതിലിന്റെ കർട്ടൻ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പടി. കോടിക്കുളം ഐരാമ്പിള്ളി ചെറുതോട്ടിൻകര വെട്ടിക്കാട്ട് ജിനേഷിന്റെയും പ്രിയയുടെയും മകൻ ആദിത്യനാണ് (അച്ചു- 11) മരിച്ചത്. ബുധനാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം. ആദിത്യന്റെ മാതാപിതാക്കൾ ഒരു മുറിയിലും ആദിത്യനും അനുജൻ അഭിമന്യുവും വല്യമ്മയോടൊപ്പം മറ്റൊരു മുറിയിലുമായിരുന്നു കിടക്കുന്നത്. ഇതിനിടെ മൊബൈലുമായി ആദിത്യൻ ഹാളിഅപോയി കിടന്നു. പിന്നീട് കുട്ടികൾ ഉറങ്ങിയോയെന്ന് പിതാവെത്തി നോക്കുമ്പോഴാണ് ഇരു വശങ്ങളിലും ചേർത്ത് കെട്ടിയ കർട്ടനിൽ കുരുങ്ങി ചലനമറ്റ നിലയിൽ ആദിത്യനെ കണ്ടത്. കാളിയാർ എസ്.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. തൊടുപുഴ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി.