കട്ടപ്പന: ഉദ്ഘാടനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിട്ടില്ല. വൈദ്യുതിയില്ലാത്തതിനാലാണ് ഓഫീസുകൾ ഇവിടേയ്ക്ക് മാറ്റി പ്രവർത്തിപ്പിക്കാത്തത്. 2019 ഡിസംബർ 10നാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചത്. കെട്ടിടത്തിലെ വയറിംഗ് ജോലികൾ പൂർത്തീകരിച്ചെങ്കിലും വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കാൻ കാലതാമസം നേരിടുകയാണ്. സിവിൽ സ്‌റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ പാറകൾ ഉള്ളതിനാൽ പോസ്റ്റുകൾ സ്ഥാപിക്കാനായി കുഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഡി.ഇ. ഓഫീസ്, എ.ഇ. ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ് തുടങ്ങിവയാണ് മിനി സിവിൽ സ്‌റ്റേഷനിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടുള്ളത്.