തൊടുപുഴ : കൊറോണ വ്യാപനം തടയാൻ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഹോസ്റ്റലുകൾ പലതും അടച്ചതിനെ തുടർന്ന് കാരിക്കോട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ഡോക്ടറും, ഫിസിഷനും,നഴ്‌സുമാരും ഉൾപ്പടെ ഹോസ്റ്റലുകളിൽ താമസിച്ചിരുന്നവർ എല്ലാവരും ഇപ്പോൾ ആയുർവേദ ആശുപത്രിയിൽ താമസിക്കേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരായ ഇവരെ ഗവൺമെന്റോ ആരോഗ്യവകുപ്പോ ശ്രദ്ധിക്കുന്നതേയില്ല എന്നു മാത്രമല്ല അവരെ അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവരുടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും രാത്രിക്കുള്ള അത്താഴവും ബി.ജെ.പിസേവാഭാരതി പ്രവർത്തകരാണ് നിത്യവും എത്തിക്കുന്നത് . ആരോഗ്യ പ്രവർത്തകർക്കു നേരെ പോലും സർക്കാരിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ സമീപനം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ആരോഗ്യ പ്രവർത്തകരെ പട്ടിണിക്കിടുന്ന സർക്കാരിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു.