കട്ടപ്പന: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് വിജിലൻസ് സംഘവും ചേർന്ന് മിന്നൽ പരിശോധന നടത്തി. അമിത വില ഈടാക്കിയതും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്തവരുമായ ആറുവ്യാപാരികൾക്കെതിരെ കേസെടുത്തു. വില വർദ്ധന ശ്രദ്ധയിൽപെട്ടതിനാൽ കട്ടപ്പനയിലെ 16 കടകളിലും വെള്ളയാംകുടിയിലെ മുന്നു കടകളിലും പരിശോധന നടത്തി. നഗരത്തിലെ പൊതു മാർക്കറ്റിലും പഴംപച്ചക്കറി, പലവ്യഞ്ജനങ്ങൾ വിൽക്കുന്നതുമായ സ്ഥാപനങ്ങളിലുമാണ് ഉദ്യോഗസ്ഥർ എത്തിയത്. പൊതുവിപണിയിലേക്കാൾ കൂടുതൽ വില ഈടാക്കുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. കട്ടപ്പന മാർക്കറ്റിനുള്ളിലെ ചില സ്ഥാപനങ്ങൾ നഗരസഭ ഏതാനും ദിവസം മുമ്പ് നൽകിയ വിലവിവരപ്പട്ടിക ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതായും കണ്ടെത്തി. പച്ചക്കറികൾക്ക് വില കുറഞ്ഞിട്ടും പഴയ വിലയിൽ വിൽപന തുടരുകയാണ്. ഒരേ വസ്തുക്കൾക്ക് പല കടകളും വ്യത്യസ്ത വില ഈടാക്കുന്ന പ്രവണതയും ഉദ്യോസ്ഥർ ഇടപെട്ട് അവസാനിപ്പിച്ചു. പച്ചക്കറികളുടെ വിലക്കയറ്റം തടയാൻ കൃഷി വകുപ്പാണ് വില നിശ്ചയിക്കുന്നത്. പൊതുവിപണിയിലെ വില ക്രോഡീകരിച്ചാണ് പലവ്യഞ്ജനങ്ങളുടെ വിലവിവരം വിപണന കേന്ദ്രങ്ങൾക്ക് നൽകുന്നത്. ഇതിനു വിരുദ്ധമായി അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നു താലൂക്ക് സപ്ലൈ ഓഫീസർ ബി. വിൽഫ്രഡ് അറിയിച്ചു. തൊടുപുഴയിൽ നിന്നുള്ള വിജിലൻസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.സദൻ, റേഷനിംഗ് ഇൻസ്‌പെക്ടർ ഷാജി, എഎസ്‌ഐ ബിജു കുര്യൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.