ഇടുക്കി : ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പിനുംപൊലീസിനും ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർദേശം നൽകി. ലോക് ഡൗൺ മറികടന്ന് ആളുകൾ ചില പരമ്പരാഗത പാതകളിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ചു കേരളത്തിലേക്കും കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ നിർദേശം. പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും കണ്ണുവെട്ടിച്ച് പലരും കാടുകളിലെ ഒറ്റയടിപ്പാതകളിലൂടെ അതിർത്തികൾ കടക്കുന്നുണ്ട്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ വാഹന പരിശോധനയും കർശനമാക്കും. അനാവശ്യമായി ഒരാളെപ്പോലും അതിർത്തികളിൽ പരസ്പരം കടത്തിവിടരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. അതേസമയം അവശ്യസാധനങ്ങളുടെ നീക്കം സുഗമമായി തുടരും. അതിർത്തിക്കടക്കുന്നവരെയും കടന്നുവരുന്നവരെയും പിടികൂടുമെന്നും ഇവരെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചശേഷമേ പുറത്തുവിടുകയുള്ളൂ എന്നും ജില്ലാ പൊലീസ് മേധാവി പി. കെ. മധു അറിയിച്ചു.