കട്ടപ്പന: കടയുടെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നു പെട്രോൾ മോഷ്ടിച്ചു. ഇടുക്കി എട്ടാംമൈലിലെ പുരയിടത്തിൽ സ്‌റ്റോഴ്‌സ് ഉടമ നിധി ജോസിന്റെ ബൈക്കിൽ നിന്നാണ് രണ്ട് യുവാക്കൾ ഇന്നലെ പുലർച്ചെ ഒന്നോടെ പെട്രോൾ ഊറ്റിയെടുത്തത്. മോഷണത്തിന്റെ ദൃശ്യങ്ങൾ കടയിലെ സി.സി. ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ചെറുതോണി ഭാഗത്തുനിന്ന് ബൈക്കിലാണ് മോഷ്ടാക്കൾ എത്തിയത്. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ നിന്നുള്ള വാൽവ് ഊരി കുപ്പിയിൽ പെട്രോൾ ഊറ്റിയെടുക്കുകയായിരുന്നു. തുടർന്ന് മോഷ്ടാക്കൾ കട്ടപ്പന ഭാഗത്തേയ്ക്ക് ബൈക്ക് ഓടിച്ചുപോയി. രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോഴാണ് വാൽവ് ഊരിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. മോഷണവിവരം തങ്കമണി പോലീസിനെ അറിയിച്ചിട്ടുണ്ട്.