തൊടുപുഴ: കരിങ്കുന്നം, പുറപ്പുഴ, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ പച്ചക്കറിക്കട, പലചരക്ക് കട, റേഷൻ ഡിപ്പോ എന്നിവിടങ്ങളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി. അമിത വില ഈടാക്കിയതിനും ത്രാസ് മുദ്ര പതിപ്പിയ്ക്കാതെ വിൽപ്പന നടത്തിയതിനും മൂന്ന് പച്ചക്കറി കടകൾക്കെതിരെ കേസെടുത്തു. കരിങ്കുന്നം, പുറപ്പുഴ എന്നിവിടങ്ങളിലുള്ള പച്ചക്കറി കടകൾക്കെതിരെയായിരുന്നു നടപടി. സവാള, ഉള്ളി, വെളുത്തുള്ളി എന്നിവ വിലകൂട്ടി വിറ്റതിനാണ് മൂന്ന് കടകൾക്കെതിരെ നടപടിയെടുത്തത്. ഒരു കടയ്ക്കെതിരെ ത്രാസ് മുദ്ര പതിപ്പിക്കാതെ വിൽപ്പന നടത്തിയതിനുമാണ് നടപടിയെടുത്തത്.

എല്ലാ മൊത്ത /ചില്ലറ വ്യാപാരികളും അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററും വാങ്ങിയ ബില്ലുകളും വിൽപ്പന ബില്ലിന്റെ പകർപ്പുകളും കൂടാതെ ആവശ്യമായ ലൈസൻസുകളും ത്രാസ് മുദ്ര വച്ച രേകളും കൃത്യമായി സൂക്ഷിക്കേണ്ടതാണ്. വിലവിവര ബോർഡുകളിൽ കൃത്യമായ തീയതി, വില എന്നിവ പൊതുജനങ്ങൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണം. തുടർന്നുള്ള ദിവസങ്ങളിൽ അതിശക്തമായ പരിശോധനയും നടപടികളും ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ആഫീസർ മാർട്ടിൻ മാനുവൽ, അസി. താലൂക്ക് സപ്ലൈ ആഫീസർ ഷിജു കെ. തങ്കച്ചൻ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ.പി. അനിൽ കുമാർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ എം.എ.അബ്ദുള്ള, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയൻ പി.എസ്, സരിത പി.വി., നീന എം.എസ് എന്നിവർ പങ്കെടുത്തു.