തൊടുപുഴ: സംസ്ഥാനത്ത് കൊവിഡ്- 19 മൂലം റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ റേഷൻ 20 വരെ വാങ്ങാമെന്ന് താലൂക്ക് സപ്ലൈ ആഫീസർ മാർട്ടിൻ മാനുവൽ അറിയിച്ചു. 20ന് മുമ്പ് സൗജന്യ റേഷൻ വാങ്ങിക്കുന്നതിന് സാധിക്കാത്തവർ 30ന് മുമ്പ് വാങ്ങിച്ചാൽ മതിയാകും. അതിനാൽ ആരും തിരക്ക് കൂട്ടി റേഷൻകടകളിൽ പോകേണ്ട ആവശ്യമില്ല. സ്റ്റോക്ക് കുറവായ റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒമ്പതിന് മുമ്പായി പൂർത്തീകരിക്കും. കൂടാതെ 13 മുതൽ വീണ്ടും ഭക്ഷ്യധാന്യങ്ങൾ വ്യാപാരികൾക്ക് നൽകും. അതിനാൽ ഒരു കാർഡ് ഉടമയ്ക്കും തങ്ങൾക്ക് അർഹമായ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കാതിരിക്കില്ല. തൊടുപുഴ താലൂക്കിൽ ആകെയുള്ള കാർഡുകളിൽ 42 ശതമാനം പേർ സൗജന്യ റേഷൻ കൈപ്പറ്റി. അതിനാൽ സൗജന്യ റേഷൻ വിതരണം സുഗമമാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് താലൂക്ക് സപ്ലൈ ആഫീസർ അഭ്യർത്ഥിച്ചു.