തൊടുപുഴ: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് അഞ്ച് കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയ്ക്ക് ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് മാത്രമല്ല, രണ്ട് രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് എ.പി. ഉസ്മാനും കുമാരമംഗലം സ്വദേശിയായ ഗിരീക്ഷുമാണ് ആശുപത്രി വിട്ടത്. നിലവിൽ കുമ്മംകല്ല് സ്വദേശിയായ തബ്‌ലീഗ് പ്രവർത്തകൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ചുരുളിയിലെ കോൺഗ്രസ് പ്രവർത്തകനും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മകനും ഇടുക്കി ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ബൈസൺവാലിയിലെ ഏകാദ്ധ്യാപികയും മകനും ഇവിടെ തന്നെയാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പോയ മറ്റുള്ളവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. ജില്ലയിൽ നിന്നാകെ ഏഴ് പേരാണ് നിസാമുദ്ദീനിലേക്ക് പോയത്.

നിരീക്ഷണത്തിലുള്ളത് 2946

കൊവിഡ്​​​- 19 രോഗവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം 2946 ആയി. ഇതിൽ 10 പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. വ്യാഴാഴ്ച മാത്രം നാല് പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. 110 പേരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇതുവരെ വന്ന 179 റിസൾട്ടുകളിൽ 169ഉം നെഗറ്റീവായി. ഇനി 34 പരിശോധനാഫലങ്ങൾ കൂടി വരാനുണ്ട്. വ്യാഴാഴ്ച 33 പേരുടെ സ്രവങ്ങൾ ശേഖരിച്ചു.