തൊടുപുഴ: മാർച്ച് 25 നായിരുന്നു ഇടുക്കിക്കാരെ ഞെട്ടിച്ച ആ വാർത്ത വരുന്നത്. ഇടുക്കി സ്വദേശിക്കും കൊവിഡ്​​​- 19 സ്ഥിരീകരിച്ചു. തൊടുപുഴ കുമാരമംഗലം സ്വദേശിക്കാണ് രോഗമെന്ന് അറിഞ്ഞതോടെ ലോറേഞ്ചിലുള്ളവരുടെ ആശങ്ക ഭീതിയായി മാറി. എന്നാൽ കൃത്യം ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഇന്നലെ പൂർണആരോഗ്യവാനായി ആ ചെറുപ്പക്കാരൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് പുറത്തിറങ്ങി. 33 കാരനായ ഗിരീഷ് വാസുവിന് എല്ലാവരോടും ഒന്നേ പറയാനുള്ളൂ- നന്ദി. കുമാരമംഗലം പി.എച്ച്.സിയിലെ ഡോക്ടർ ജീനയും സൂപ്രണ്ട് മനോഹരനും മുതൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ തന്നെ ശുശ്രൂഷിച്ച ഡോ. ജോസ്മോൻ വരെ എല്ലാവരോടും നന്ദി മാത്രം.

ദുബൈയിലെ ഒരു ഹോട്ടലിൽ അക്കൗണ്ടന്റായാണ് ഗിരീഷ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഓണത്തിന് നാട്ടിൽ വന്ന് പോയതാണ്. കൊവിഡ്- 19 വന്നതോടെ ഹോട്ടലുകളെല്ലാം അടച്ചു. ഇതോടെയാണ് മാർച്ച് 19ന് വീട്ടും നാട്ടിലെത്തിയത്. അന്ന് തന്നെ കുമാരമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. അവരുടെ നിർദേശ പ്രകാരമാണ് വീട്ടിലെ മുറിയിൽ സ്വയംനിരീക്ഷണത്തിലായത്. വീട്ടിൽ അമ്മയും ഭാര്യയും മാത്രമാണുള്ളത്. ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. ചെറിയ പനിയും മേലുവേദനയും വന്നപ്പോൾ കുമാരമംഗലം പി.എച്ച്.സിയിൽ ചികിത്സ തേടി. അവരാണ് പറഞ്ഞത് തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൂടി ഒന്ന് പോകാൻ. വിദേശത്ത് നിന്ന് വന്നതായതിനാൽ സ്രവം പരിശോധനയ്ക്കെടുത്തു. ഇതിന് ശേഷം ഡോ. ജോസ്‌മോൻ നൽകിയ മരുന്ന് കഴിച്ചപ്പോൾ രണ്ട് ദിവസത്തിനകം പനി മാറി. എന്നാൽ പരിശോധനാഫലം പോസിറ്റീവായപ്പോൾ അമ്പരപ്പായിരുന്നു. കാരണം മറ്റ് ശാശീരിക ബുദ്ധിമുട്ടുകളോ രോഗലക്ഷണങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിൽ കഴിയുന്നത് പോലെ കഴിയാമെന്ന് പറഞ്ഞ് വളരെ സ്നേഹത്തോടെയാണ് ആരോഗ്യപ്രവർത്തകർ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. അവിടെ ഒന്നിനും ഒരു കുറവുമുണ്ടായില്ല. ഡോക്ടർമാരും നഴ്സുമാരും ഏറ്റവും മികച്ച പരിചരണമാണ് നൽകിയത്. എല്ലാദിവസവും പത്രം കിട്ടി, പിന്നെ മൊബൈൽ ഉപയോഗിക്കാമായിരുന്നു. നഴ്സുമാരിലൊരാൾ തന്ന കൈതക്കോട് ജബ്ബാറിന്റെ 'ഉയർന്നിരിക്കെ കണ്ട സ്വപ്നങ്ങൾ' എന്ന പുസ്തകം വായിച്ചു തീർത്തു. പിന്നെ ഉസ്മാനിക്കയും നല്ല കമ്പനിയായിരുന്നു. താൻ മുൻകരുതലെടുത്തില്ലെന്ന മട്ടിലും കുമാരമംഗലം പി.എച്ച്.സിക്കെതിരായും ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന വ്യാജ വാർത്തകൾ വിഷമിപ്പിച്ചു. ഒപ്പം തന്റെ ഫോട്ടോ സഹിതം കൊവിഡ് രോഗിയെന്ന മട്ടിൽ വാട്ട്സ്ആപ്പിൽ ചിലർ പ്രചരിച്ചതും വേദനയുണ്ടാക്കി. എന്തായാലും ഇപ്പോൾ വീട്ടുകാർക്കെല്ലാം സന്തോഷമായി. നാട്ടുകാരുടെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റമാണ് ഉണ്ടായത്. ഇനിയുള്ള 14 ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിലിരിക്കും. അമ്മയുടെയും ഭാര്യയുടെയും സ്രവം ഇന്നലെ പരിശോധനയ്ക്കെടുത്തു. അവർക്ക് രോഗമൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. മേയ് 15 വരെ അവധിയുണ്ട്. ഇനി അറിയിപ്പ് കിട്ടിയിട്ട് ജോലിക്കെത്തിയാൽ മതിയെന്നാണ് ദുബൈയിൽ നിന്ന് അറിയിച്ചത്.