തൊടുപുഴ: ലോക്ക്ഡൗൺ മൂലം പ്രവർത്തനം മുടങ്ങിയ ജില്ലാ കോടതിയിൽ ചരിത്രത്തിലാദ്യമായി അടിയന്തര കേസുകൾ ലൈവ് വീഡിയോ കോൺഫറൻസിലൂടെ പരിഗണിച്ചു തുടങ്ങി. ഇത്തരത്തിൽ വീഡിയോ കോളിലൂടെ പരിഗണിച്ച കേസിൽ ആദ്യമായി അഡ്വ. ഷാജി തെങ്ങുംപള്ളിയും അഡ്വ. സാജു പോളുമാണ് അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരായത്. ചെപ്പുകുളത്ത് തനിച്ചു താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഭാര്യാ സഹോദരനായ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ഷാജി തെങ്ങുംപള്ളിൽ ഹാജരായത്. ആദ്യം മെയിലിലൂടെ ജാമ്യാപേക്ഷ നൽകിയത് ഈ കേസായിരുന്നു. വെങ്ങല്ലൂരിൽ നടന്ന കൊലപാതകക്കേസാണ് ആദ്യം കോടതി പരിഗണിച്ചത്. കേസിൽ അഡ്വ.സാജു പോൾ വീഡിയോ കോളിലൂടെ ഹാജരായി. അഡിഷണൽ സെഷൻസ് ജഡ്ജി കെ.കെ.സുജാതയാണ് ഔദ്യോഗിക വസതിയിൽ ഇരുന്ന് കൊലപാതകക്കേസുകളിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷകളിൽ വാദം കേട്ടത്. പ്രതികൾക്ക് ജാമ്യം ലഭിച്ചു. കൊലപാതകം മയക്കുമരുന്ന് പോക്‌സോ കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷകളും പ്രത്യേക സിറ്റിംഗിൽ പരിഗണിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ബി. സുനിൽ ദത്ത്, സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായ ബി. രാജേഷ്, പി.ബി. വാഹിദ എന്നിവർ വിവിധ കേസുകളിൽ ലൈവ് വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ഇന്നും രണ്ടു കൊലപാതകക്കേസുകളിൽ ഉൾപ്പെടെ ഇതേ രീതിയിൽ കോടതി വാദം കേൾക്കും.