തൊടുപുഴ: കൊവിഡ്-19 ന്റെ സമൂഹവ്യാപനം തടയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗണ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യറേഷൻ ബി.പി.എൽ വിഭാഗത്തിന് അപര്യാപ്തമാണെന്ന് റേഷൻ സംരക്ഷണ സമിതി. ബി.പി.എൽ കാർഡുടമകൾ പൂർണമായും കൂലിത്തൊഴിലാളികളാണ്. തുച്ഛവരുമാനക്കാരായ ഇവർക്ക് ആളോഹരി അഞ്ച് കിലോ ഗ്രാം ഭക്ഷ്യധാന്യം എന്നത് ഈ ഘട്ടത്തിൽ അപര്യാപ്തമാണ്.മലയാളിയുടെ ഭക്ഷ്യശീലമനുസരിച്ചു അരിഭക്ഷണം പ്രധാനമാണ്. ഇത് പ്രകാരം ആളോഹരി 5 കിലോ ഭക്ഷ്യധാന്യം പരമാവധി 15 ദിവസത്തേക്ക് മാത്രമാണ് തികയുക. ഇന്നത്തെ അവസ്ഥയിൽ ബി.പി.എൽ കാർഡുടമകൾ പ്രധാനമായും ആശ്രയിക്കുന്നത് റേഷൻ വിഭവങ്ങളെ തന്നെയാണ്. അതുകൊണ്ട് ബി.പി.എൽ കാർഡുടമകൾക്കുള്ള ആളോഹരി വിഹിതം വർദ്ധിപ്പിക്കണം. ഒറ്റ അംഗം മാത്രമുള്ള ബി.പി.എൽ കാർഡുടമകൾക്കും നീല, വെള്ള കാർഡുകാർക്ക് അനുവദിച്ചിട്ടുള്ള 15 കിലോ ഭക്ഷ്യധാന്യം അനുവദിക്കണമെന്നും സമിതി പ്രസിഡന്റ് ടി.പി. കുഞ്ഞച്ചനും ജനറൽ സെക്രട്ടറി ബാബു മഞ്ഞള്ളൂരും ആവശ്യപ്പെട്ടു.