tea-farmers

കട്ടപ്പന: ലോക് ഡൗണിനിടെ നിയന്ത്രണങ്ങൾക്ക് വിധേയമായി തേയില,ഏലം,കാപ്പി,എണ്ണപ്പന,കശു അണ്ടി തോട്ടങ്ങൾ തുറക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചെറുകിട കർഷകരെ ദുരിതത്തിലാക്കുന്നു.

ഉത്തരവിന്റെ ബലത്തിൽ വൻകിടക്കാർ ജോലി പുനരാരംഭിച്ചപ്പോൾ ഉത്തരവിലെ ആദ്യ നിബന്ധന തന്നെ ചെറുകിടക്കാർക്ക് പാരയായി.

തോട്ടങ്ങൾക്കുള്ളിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ മാത്രം ജോലി ചെയ്യണമെന്നാണ് നിബന്ധന. വൻകിട തോട്ടങ്ങൾക്ക് സ്വന്തം ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് ദിവസവേതനത്തിന് ചെറുകിട തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നത്. ഇവർക്ക് പുതിയ ഉത്തരവ് പ്രകാരം ചെറുകിട തോട്ടങ്ങളിൽ ജോലി ചെയ്യാനാകില്ല.

കൊളുന്ത് നുള്ളാൻ കഴിയാത്തതിനാൽ വളർന്നുനിൽക്കുന്ന തേയിലച്ചെടി വെട്ടേണ്ടിവരും.ഒരുതവണ വെട്ടിയാൽ അടുത്ത വിളവെടുപ്പിനു രണ്ടുമാസമെങ്കിലുമെടുക്കും.

ഉത്തരവിൽ പറയുന്നത്

 ജോലി തോട്ടങ്ങൾക്കുള്ളിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് മാത്രം

 കൊളുന്ത് നുള്ളാൻ അര ഏക്കറിൽ ഒരു തൊഴിലാളി മാത്രം

 തൊഴിലാളികൾ തമ്മിൽ എട്ടടി അകലം പാലിക്കണം

 ജലസേചനവും അത്യാവശ്യ കീടനാശിനി പ്രയോഗവും നടത്താം

ദുരിതത്തിലാകുക പതിനായിരങ്ങൾ
ഇടുക്കി ജില്ലയിൽ 50 സെന്റ് മുതൽ ഏഴേക്കർ വരെയുള്ള 15,446 ചെറുകിട തേയില കർഷകരുണ്ട്. കഴിഞ്ഞമാസം തുടർച്ചയായ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചതിനാൽ കൊളുന്ത് ഉത്പാദനം ഉയർന്നിരുന്നു. ജില്ലയിലെ 38 ഫാക്ടറികളും പൂട്ടിയതോടെ തേയിലപ്പൊടി ഉത്പാദനവും പൂർണമായി തടസപ്പെട്ടു.

വൻകിടതോട്ടങ്ങളിൽ

6000 പേർ ജോലിക്കിറങ്ങി

മൂന്നാറിലെ വടൻകിട തേയിലത്തോട്ടങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കഴിഞ്ഞദിവസം ജോലിക്കിറങ്ങിയത് ആറായിരത്തിലേറെ പേരാണ്. വെള്ളിയാഴ്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയതിന് പിന്നാലെ തൊഴിലാളികൾ വ്യാപകമായി ജോലിക്കിറങ്ങി. നൂറോളം ഓഫീസുകളിലും 15 ഫാക്ടറികളിലുമായി നാലായിരത്തോളം പേർ ജോലിക്കെത്തി. അര ഏക്കറിൽ ഒരു തൊഴിലാളി മാത്രം നിന്ന് വേണം കൊളുന്ത് നുള്ളാനെന്നുള്ള മാനദണ്ഡം പാലിച്ചില്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മൂന്നാർ ടൗണിലും നല്ല തിരക്കുണ്ടായിരുന്നു. അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ചു ചേരാൻ പാടില്ലെന്ന് നിയമമുള്ളപ്പോഴാണിത്. മൂന്നാറിലെത്തിയ യു.കെ പൗരന് കൊവിഡ്- 19 സ്ഥിരീകരിച്ചതിന് ശേഷം അതീവജാഗ്രതയിലായിരുന്നു.

' ദേവികുളം സബ്‌കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ള നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ജോലികൾ നിറുത്തിവയ്പിക്കും "

-എച്ച്. ദിനേശൻ (ഇടുക്കി ജില്ലാ കളക്ടർ)​.