കട്ടപ്പന: ലോക്ക്ഡൗണിൽ അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ടുമാസത്തെ വാടക ഒഴിവാക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കെ.വി.വി.ഇ.എസ്. ജില്ലാ കമ്മിറ്റിയുടേയും ജില്ലയിലെ യൂണിറ്റുകളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇളവ്. ജില്ലയിലെ മറ്റു കെട്ടിട ഉടമകളും അവരുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതും ഇപ്പോൾ അടച്ചിരിക്കുന്നതുമായ സ്ഥാപനങ്ങൾക്കും രണ്ടുമാസത്തെ വാടക ഒഴിവാക്കണം. നഗരസഭ, പഞ്ചായത്ത്, സഹകരണ സ്ഥാപനങ്ങൾ എന്നിവരും വാടക ഇളവ് നൽകുന്നതിനു നടപടി സ്വീകരിക്കണം.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികൾ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണം.
വായ്പകൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം അപര്യാപ്തമാണ്. ഈ കാലയളവിലെ പലിശയും പിഴപലിശയും പിന്നീട് ഈടാക്കും. മുഴുവൻ വായ്പകൾക്കും ഒരുവർഷത്തെ പലിശരഹിത മൊറട്ടോറിയം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രളയകാലത്തിനു സമാനമായി കൊവിഡ്19 ഭീഷണയെത്തുടർന്ന് ലോക്ക്ഡൗൺ കാലയളവിൽ ജില്ലയിലെ വ്യാപാരികൾ നിരവധി സഹായങ്ങൾ നൽകിവരുന്നു. നിർദ്ധന കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നുകളും സാനിറ്റൈസർ ഉൾപ്പെടെയുള്ളവ സൗജന്യമായി വിതരണം ചെയ്യുന്നു. കൂടാതെ സാമൂഹിക പാചകമുറിയിലേക്കാവശ്യമായ ഭക്ഷ്യസാധനങ്ങളും വ്യാപാരികൾ സൗജന്യമായി നൽകുന്നുണ്ട്. സ്വന്തം സുരക്ഷ പോലും കണക്കിലെടുക്കാതെയാണ് നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരും തൊഴിലാളികളും പ്രവർത്തിക്കുന്നത്. കർഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രധാന ടൗണുകളിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും കർഷകർക്ക് ഉൽപന്നങ്ങൾ വാഹനങ്ങളിലെത്തിച്ച് വിൽക്കാനും സൗകര്യം ഒരുക്കണം. സാനിറ്റൈസറിന് 100 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള വില. എന്നാൽ 135 രൂപയ്ക്കാണ് നിർമാതാക്കൾ വ്യാപാരികൾക്ക് നൽകുന്നത്. ഇക്കാര്യത്തിലും അടിയന്തര നടപടി ഉണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി. ഹസൻ എന്നിവർ ആവശ്യപ്പെട്ടു.