തൊടുപുഴ: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിക്ക് എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിക്കാൻ പ്രത്യേകാനുമതി ധനവകുപ്പിൽ നിന്ന് ലഭിച്ചതായി പി.ജെ ജോസഫ് എം.എൽ.എ അറിയിച്ചു. ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഐ.സി.യു വെന്റിലേറ്റർ, ഇ.സി.ജി മെഷീൻ, കാർഡിയാക് മോണിട്ടർ, മൾട്ടി പാരാമീറ്റർ മോണിട്ടർ, ഡി ഫിബ്രിലേറ്റർ, പൾസ് ഓക്‌സിമീറ്റർ, സെൻസർ ടാപ്പുകൾ, പി.പി.ഇ കിറ്റുകൾ, സ്‌ട്രെക്ചറൽ ട്രോളി, മെഡിസിൻ ട്രോളി, ഐ.സി.യു കട്ടിലുകൾ, സ്റ്റെയിൻലസ് സ്റ്റീൽ കട്ടിലുകൾ, എക്‌സ്‌റേ വ്യൂവർ, വീൽ ചെയറുകൾ, ബെഡ്ഷീറ്റുകൾ അടക്കമുള്ളവ ലഭ്യമാക്കും. മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖാന്തരമാകും ഉപകരണങ്ങൾ എത്തുക. തുക വിനിയോഗിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും കത്തു നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സമർപ്പിച്ച ലിസ്റ്റ് പ്രകാരമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക ചെലവഴിക്കുന്നത്.