തൊടുപുഴ: ലോക്ക് ഡൗൺ നിയന്ത്രണത്തിൽ നിന്നും കേരളത്തിലെ റബ്ബർ മേഖലയെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിയ്ക്കും തൊഴിൽ പ്പ് മന്ത്രിയ്ക്കും കത്ത് നൽകി. ലോക്ക് ഡൗൺ കാലയളവിൽ തേയില, കാപ്പി, കശുവണ്ടി തുടങ്ങിയ തോട്ടം മേഖലകൾക്ക് കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തനാനുമതി ലഭിച്ചിരുന്നു. എന്നാൽ ഉത്തരവിൽ റബ്ബർ തോട്ടങ്ങൾ അവഗണിക്കപ്പെട്ടുപോയിരുന്നു. അതിനാൽ റെയിൻ ഗാർഡിംഗ് ഉൾപ്പടെയുള്ള അടിയന്തിര ജോലികൾ ചെയ്യേണ്ട സമയത്ത് റബ്ബർ മേഖലയ്ക്കായി ആശ്വാസകരമായ തീരുമാനം കൈക്കൊളേളണ്ടതാണ്. കേരളത്തിന്റെ സമ്പത് വ്യവസ്ഥയിൽ നിർണ്ണായക പങ്കാണ് റബ്ബർകൃഷിയ്‌ക്കെന്നും ലക്ഷക്കണക്കിന് വരുന്ന കൃഷിക്കാരും, തൊഴിലാളികളും അവരുടെ ആശ്രിതരും റബ്ബർ കൃഷിയെ നേരിട്ടോ അല്ലാതെയൊ ആശ്രയിക്കുന്നുണ്ട്. കൊവിഡ് 19 വ്യാപന നിയന്ത്രണങ്ങൾക്ക് വിധേയമായി ചെറുകിട റബ്ബർ കൃഷിക്കാർക്കും തൊഴിലാളികൾക്കും അവരുടെ തോട്ടങ്ങളിൽ പണിയെടുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, വിലസ്ഥിരതാ ഫണ്ടിനത്തിൽ ഒരു വർഷമായി ലഭിക്കാനുള്ള കുടിശിക ഉടൻ തന്നെ വിതരണം ചെയ്യണമെന്നും, വിലസ്ഥിരതാ ഫണ്ട് 200 രൂപയാക്കി ഉയർത്തണ മെന്നും എം.പി. ആവശ്യപ്പെട്ടു. കൊവിഡ് ഭീഷണി വരുന്നതിന് മുൻപ് തന്നെ റബ്ബർ കർഷകർ വളരെയധികം പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞു വരുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിച്ചിരുന്നില്ല. കോവിഡ് ഭീഷണി കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കി. ചെറുകിട കർഷകർക്ക് റബ്ബർ വില സ്ഥിരതാ ഫണ്ടിൽ നിന്നും റബ്ബറിന് കിലോയ്ക്ക് 200 രൂപ വച്ച് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.