ഇടുക്കി : ലോക് ഡൗണിനെ തുടർന്ന് ജില്ലയില തോട്ടം മേഖലയും കർഷകരും തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങൾ എം എൽ എ മാർ ഇന്നലെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സംസ്ഥാനത്തെ എം എൽ എ മാരുമായി നടത്തിയ വീഡിയോ കോൺഫറൻസാണ് ഇതിനു വേദിയായത്. ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗം പി.ജെ ജോസഫ് ജില്ല നേരിടുന്ന വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എം എൽ എ മാരായ എസ് രാജേന്ദ്രൻ, ഇ.എസ് ബിജിമോൾ എന്നിവരും പങ്കെടുത്തു. അസൗകര്യങ്ങളെ തുടർന്ന് വൈദ്യുതി മന്ത്രി എം എം മണിക്കും റോഷി അഗസ്റ്റിനും യോഗത്തിൽ എത്താൻ കഴിഞ്ഞില്ല.
പൈനാപ്പിൾ പൊസസ്ചെയ്യാൻ സൗകര്യം വേണം
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ഇതു വരെയുള്ള പരാതികൾക്ക് സർക്കാരിൽ നിന്ന് എളുപ്പം പരിഹാരം ലഭിക്കുന്നുണ്ടെന്നു പി.ജെ. ജോസഫ് പറഞ്ഞു. പൈനാപ്പിൾ, തേയില, ഏലം, കുരുമുളക് കർഷകർക്ക് വിളവെടുക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 50 ടണ്ണോളം പൈനാപ്പിൾ പ്രോസസ് ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്. അതിന് ഉടൻ പരിഹാരം കാണണം. ചിലയിടങ്ങളിൽ പുട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്കു കൂലിയും ഭക്ഷണവുമില്ലാത്ത സ്ഥിതിയുണ്ട്. കർഷകർക്കു വലിയ സഹായകമാകുന്ന ഏലം, തേയില എന്നിവയുടെ ലേലം പുനരാരംഭിക്കണം. തമിഴ്‌നാട്ടിൽ നിന്ന് രോഗമില്ലാത്തവരെയും നിരീക്ഷണത്തിൽ ഇല്ലാത്തവരെയും ലലലത്തിൽ പങ്കെടുപ്പിക്കണം. ഏലത്തിന്റെ വില 3000 രൂപയിൽ നിന്ന് 1000 രൂപയിലേക്കു കുപ്പുകുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ വിളവെടുപ്പ് സീസൺ പരമാവധി പ്രയോജനപ്പെടുത്തണം. അല്ലെങ്കിൽ കർഷകർക്കും ജില്ലയ്ക്കും വലിയ നഷ്ടമുണ്ടാകും. പ്രതിസന്ധി പരിഹരിക്കാൻ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി കൃഷി വർധിപ്പിക്കുന്നതിനു ഓരോ വീട്ടിലും പച്ചക്കറി വിത്തുകൾ ലഭ്യമാക്കണം. മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിന് ഒരു വീട്ടിൽ രണ്ടു ബിന്നുകൾ ഏർപ്പെടുത്തണം. തൊടുപുഴ താലൂക്കാശുപത്രിയിൽ 20 പേർക്ക് ഡയാലിസിസിന് സൗകര്യമുണ്ട്. അതു പരമാവധി പ്രയോജനപ്പെടുത്താൻ ഏർപ്പാടുണ്ടാക്കണം. മറയൂരിൽ കരിമ്പു കൃഷി വിളവിന് പാകമെത്തിയിരിക്കുകയാണ്. കർഷകർക്കു കരിമ്പു വെട്ടാൻ സൗകര്യം ഒരുക്കണം.
തോട്ടം മേഖലയിൽ സ്വകാര്യ, സർക്കാർ ആശുപത്രികളിലെ സൗകര്യം വർദ്ധിപ്പിക്കണമെന്നും എം എൽ എ മാർ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിലെ ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു.