മൂന്നാർ : കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിൽ കഷ്ടപ്പെടുന്ന കർഷകർക്ക് സഹായമേകി മൂന്നാറിലെ ഹോർട്ടി കോർപ്പിന്റെ സംഭരണ വിതരണ കേന്ദ്രം. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്പന്നങ്ങൾ ഹോർട്ടി കോർപ്പ് മുഖേന കൂടുതലായി സംഭരിക്കാനാണ് തീരുമാനം. മൂന്നാർ, വട്ടവട, കാന്തല്ലൂർ, ദേവികുളം, ചെണ്ടുവര, മറയൂർ പ്രദേശങ്ങളിൽ നിന്നും കൃഷി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളുമാണ് നിലവിൽ മൂന്നാറിൽ എത്തിക്കുന്നത്. വട്ടവട ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സ്രോബറി കർഷകരിൽ നിന്നും സ്‌ട്രോബറി സംഭരിക്കാനും ഹോർട്ടി കോർപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഹോർട്ടി കോർപ്പ് മൂന്നാറിലെ സ്ര്‌ടോബറി പാർക്കിലെ സ്രോബറിമാത്രമാണ് സംഭരിച്ചിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്‌ട്രോബറി കർഷകർ പ്രതിസന്ധിയിലായതോടെ മന്ത്രി വി.എസ് സുനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം മറ്റിടങ്ങളിൽ കൃഷി ചെയ്യുന്ന സ്‌ട്രോബറികൂടി സംഭരിക്കാനാണ് ഹോർട്ടി കോർപ്പിന്റെ തീരുമാനം. സ്‌ട്രോബറി പാർക്കിനായി സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തിൽതന്നെയാണ് സ്‌ട്രോബറി സംഭരിക്കുന്നത്. വട്ടവടയിലെ സബ്‌സെന്റർ, വിവിധ ഇടങ്ങളിലെ കർഷക സൊസൈറ്റികൾ തുടങ്ങിയവുടെ സഹകരണവും പച്ചക്കറി, പഴം സംഭരണത്തിനായി ഹോർട്ടി കോർപ്പിന് ലഭിക്കുന്നുണ്ട്. ഹോർട്ടി കോർപ്പ് മുഖേന സംഭരിക്കുന്ന പച്ചക്കറികൾ വിപണിയിൽ എത്തുമ്പോൾ ആവശ്യക്കാരും ഏറെയാണ്. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെയാണ് മൂന്നാർ ടൗണിൽ ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റിന്റെ പ്രവർത്തന സമയം.

ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന പഴം,പച്ചക്കറികളും മൂന്നാറിൽ എത്തിച്ചാൽ സംഭരിക്കും

ജിജോ ആർ

മൂന്നാർ ഹോർട്ടി കോർപ്പ് അസി. മാനേജർ

ഹോർട്ടി കോർപ്പിൽ പഴം പച്ചക്കറികൾ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് വരും ദിവസങ്ങളിലും സംഭരണകേന്ദ്രങ്ങളിൽ എത്തിക്കാം.വിവരങ്ങൾക്ക് 9020993282,8078402473 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.