തൊടുപുഴ: തൊടുപുഴ നഗരസഭയിലെ 15 മുതൽ 20 വരെ വാർഡുകളിലും ഇടവെട്ടി പഞ്ചായത്തിലും അതീവജാഗ്രതാനിർദേശം. കൊവിഡ്- 19 സ്ഥിരീകരിച്ച തൊടുപുഴ കുമ്പംകല്ല് സ്വദേശിയുമായി ബന്ധപ്പെട്ടവരടക്കം ഈ പ്രദേശങ്ങളിൽ നിരീക്ഷണത്തിലുള്ളതുകൊണ്ടാണ് പൊലീസ് അതീവ ജാഗ്രതാ നിർദേശം നൽകിയത്. ഇന്നലെ മുതൽ 14 ദിവസത്തേക്കാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ഇതോടെ ഇവിടങ്ങളിൽ പൊലീസും ആരോഗ്യ വകുപ്പും പരിശോധനയും ബോധവത്കരണവും കർശനമാക്കി. നഗരസഭയും പഞ്ചായത്തിലും ജനങ്ങൾക്ക് നിർദേശങ്ങളുമായി വാഹനങ്ങളിൽ ഓരോ മണിക്കൂർ ഇടവിട്ടും അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. ആശുപത്രി, റേഷൻ കട, ഏറ്റവും അവശ്യസാധനങ്ങൾ എന്നിവ വാങ്ങാൻ ഒരാൾക്ക് മാത്രം പുറത്തിറങ്ങാമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കടകൾ ഏഴ് മുതൽ അഞ്ച് വരെ മാത്രമേ തുറക്കാവുവെന്നും നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. കറങ്ങിനടക്കുന്നവരുടെ വാഹനം കസ്റ്റഡിയിൽ എടുക്കും. കവലകളിലോ തോട്ടങ്ങളിലോ തോടുകളുടെ സമീപത്തോ കൂട്ടം കൂടരുത്. ബന്ധുവീടുകളിലേക്ക് പോകാനോ ഇങ്ങോട്ട് വരാനോ പാടില്ല. അയൽ വീടുകളിൽ നിന്ന് അകലം പാലിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ഏറ്റവും കടുത്ത ശിക്ഷാ നിപടികൾ സ്വീകരിക്കാൻ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് പറഞ്ഞു. കൂടാതെ ഫയർഫോഴ്‌സ് കഴിഞ്ഞ ദിവസം ഇവിടങ്ങളിൽ അണുവിമുക്തമാക്കി. പ്രദേശത്ത് അതിജാഗ്രത നിർദേശമുള്ളതിനാൽ കർശന പരിശോധനയും ബോധവത്കരണവുമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും പൊലീസും അറിയിച്ചു.

ലംഘിച്ചാൽ 144

അതീവജാഗ്രതാ നിർദേശം ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യമുണ്ടായാൽ 144 പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം സൂചന നൽകി. രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ ശുപാർശ നൽകിയിരുന്നു. എന്നാൽ ആദ്യം അതീവജാഗ്രത തുടരാനും പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നുമായിരുന്നു ജില്ലാ കളക്ടറുടെ തീരുമാനം. ജില്ലയിൽ മൂന്നാർ മേഖലയിൽ നിരോധനാജ്ഞ നിലവിലുണ്ട്.