കട്ടപ്പന: അബുദാബിയിൽ നിന്നെത്തിയ മ്ലാമല സ്വദേശി നിർദേശങ്ങൾ ലംഘിച്ച് നാട്ടിലാകെ കറങ്ങിനടന്നു. മാർഗനിർദേശങ്ങൾ നൽകിയ ആരോഗ്യ പ്രവർത്തകർക്ക് ഫോണിലൂടെ ഭീഷണിയും. ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകൾ പാലിക്കാതെ വിവിധ മേഖലകളിൽ സഞ്ചരിച്ച വ്യക്തിക്കെതിരെ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറാണ് കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. മാർച്ച് 10ന് നെടുമ്പാശേരി വഴി നാട്ടിൽ എത്തിയ ഇയാൾ ആദ്യമെത്തിയത് മാട്ടുക്കട്ടയിലെ ഭാര്യവീട്ടിലാണ്. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടപ്പോഴേയ്ക്കും മ്ലാമലയിലെ സ്വന്തം വീട്ടിലെത്തി. തുടർന്ന് വീട്ടിൽ കഴിയാൻ നിർദേശിച്ചിരുന്നെങ്കിലും നിരവധി തവണ ഇയാൾ ഭാര്യവീട്ടിൽ എത്തിയതായി ആരോഗ്യ പ്രവർത്തകർക്ക് വിവരം ലഭിച്ചു. കഴിഞ്ഞ 21ന് വീണ്ടും മാട്ടുക്കട്ടയിലെ വീട്ടിൽ എത്തിയതറിഞ്ഞ് പൊലീസിനൊപ്പം ആരോഗ്യ പ്രവർത്തകർ എത്തി മാർഗനിർദേശങ്ങൾ നൽകി. ഇതിനോടു മുഖംതിരിച്ച ഇയാൾ പിന്നീട് ആരോഗ്യ പ്രവർത്തകരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അധികൃതർ പൊലീസിൽ പരാതി നൽകിയത്.