ചെറുതോണി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് പൈനാപ്പിൾ കർഷകർക്കും തിരിച്ചടിയായി. വാഴക്കുളത്തെ പൈനാപ്പിൾ മാർക്കറ്റും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടിയതാണ് പൈനാപ്പിൾ കർഷകരെ വലച്ചത്. ഹൈറേഞ്ചിൽ ഏറ്റവും അധികം പൈനാപ്പിൾ കൃഷിനടത്തിവരുന്നത് വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തിന്റെ മലയോര മേഖലകളിലാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നൊരുത്താൻ പ്രദേശത്ത് മഹാത്മ എസ് എച്ച് ജി 25 ഏക്കറിൽ നടത്തിയ പൈനാപ്പിൾ കൃഷി വിളവെടുപ്പിന് പാകമായപ്പോളാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണിന് മുൻപ് ഒരു കിലോ പൈനാപ്പിളിന് 35 രൂപാ വരെ വില ലഭിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുകയും വാഹന ഗതാഗതം നിലക്കുകയും ചെയ്തതോടെ പൈനാപ്പിളിന് ചെലവില്ലാതായി.പല ബാങ്കുകളിൽ നിന്നായി 25 ലക്ഷത്തോളം രൂപ വായ്പ എടുത്താണ് പൈനാപ്പിൾ കൃഷി ആരംഭിച്ചത്. ഇപ്പോൾ ഒരു കിലോ പൈനാപ്പിൾ 5 രൂപയ്ക്കു പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയിൽ ആണ് . ഇതൊടെ മഹാത്മ പുരുഷ സ്വയംസഹായ സംഘത്തിലെ 20 അംഗങ്ങളും കടക്കെണിയിലായി. പൈനാപ്പിൾ ആർക്കും വേണ്ടാതെ ആയതോടെ ബാങ്ക് ലോൺ എങ്ങനെ അടയ്ക്കും എന്ന ആശങ്കയിലാണ് ഈ കർഷക സ്വയംസഹായ അംഗങ്ങൾ.