തൊടുപുഴ: വേനലിലും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിനോട് ചേർന്നാണ് മുട്ടം, കരിങ്കുന്നം പഞ്ചായത്തുകൾ. എന്നാൽ വർഷങ്ങളായി കടുത്ത വേനലിൽ രണ്ട് പഞ്ചായത്തുകളിലെയും ജനങ്ങൾ കുടിവെള്ളം കിട്ടാതെ പരക്കം പായേണ്ട ഗതികേടിലാണ്. രണ്ട് പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മലങ്കര അണക്കെട്ടിനോട്‌ ചേർന്ന് മാത്തപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പദ്ധതി കൃത്യമായി പ്രവർത്തിപ്പിക്കുന്നതിൽ വിലങ്ങുതടിയായി വാട്ടർ അതോറിട്ടിയും കെ.എസ്.ഇ.ബിയും മാറുകയാണ്. മാത്തപ്പാറയിൽ കുടിവെള്ള പദ്ധതിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതിയാണ് രണ്ട് പഞ്ചായത്തുകളിലേക്കുമുള്ള മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. 90 ന്റെയും 75 ന്റെയും രണ്ട് മോട്ടോർ സെറ്റാണ് മുട്ടം പഞ്ചായത്തിലേക്കുള്ള പമ്പിംഗിന് ഉപയോഗിച്ചിരുന്നത്. കരിങ്കുന്നത്തിന് 68ന്റെ ഒരു മോട്ടോറും. 90 ന്റെ മോട്ടർ രാത്രിയും പകലും മുഴുവൻ സമയവും 68 ന്റെ മോട്ടോർ രാവിലെ ആറ് മുതൽ രാത്രി 10 വരെയുമാണ് വർഷങ്ങളായി പമ്പിംഗ് നടക്കുന്നത്. മുട്ടം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 75 ന്റെ മോട്ടോറും കൂടി പ്രവർത്തിക്കണം. എന്നാൽ കരിങ്കുന്നത്തേക്കുള്ള പമ്പിംഗ് നിറുത്തിയാൽ മാത്രമേ 75 ന്റെ മോട്ടോർ പ്രവർത്തിപ്പിക്കാൻ സാധിക്കൂ. അതേസമയം 75 ന്റെ മോട്ടോർ ഏതാനും വർഷങ്ങളായിട്ട് പ്രവർത്തന രഹിതവുമാണ്‌. കപ്പാസിറ്റി കുറഞ്ഞ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി നിരന്തരം ഉപയോഗിച്ചതിനാലാണ് ഈ മോട്ടോർ പ്രവർത്തന രഹിതമായത്. പദ്ധതിയുടെ തുടക്കകാലത്ത് 75 ന്റെ രണ്ട് മോട്ടോർ സെറ്റാണ് സ്ഥാപിച്ചിരുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതിനാൽ 75 ന്റെ ഒരു മോട്ടോർ മാറ്റി 90ന്റെ സ്ഥാപിക്കുകയായിരുന്നു. ട്രാൻസ്ഫോമറിന്റെ കപ്പാസിറ്റി കുറവായതിനാൽ രാത്രി കാലങ്ങളിൽ കരിങ്കുന്നം പഞ്ചായത്തിലേക്കുള്ള പമ്പിംഗ് പൂർണമായും നിറുത്തേണ്ടിവരുന്നു.

ട്രാൻസ്‌ഫോമറും മോട്ടോറും മാറ്റണം

നിലവിലുള്ള ട്രാൻസ്ഫോമറിന്റെ കപ്പാസിറ്റി കൂട്ടുകയോ കുടിവെള്ള പദ്ധതിക്ക് മാത്രമായി ഒരു ട്രാൻസ്ഫോമർ സ്ഥാപിക്കുകയോ ചെയ്താൽ രണ്ട് പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. കേടായ 75 ന്റെ മോട്ടോറും മാറ്റണം.

ആർക്കാണ് ഉത്തരവാദിത്വം

കുടിവെള്ള പദ്ധതിക്ക് പുതിയ ട്രാൻഫോമർ സ്ഥാപിക്കാനുള്ള നടപടികൾക്ക് വൈദ്യുതി വകുപ്പിൽ അപേക്ഷ നൽകേണ്ടതും പ്രവർത്തിക്കാത്ത മോട്ടോർ മാറ്റേണ്ടതും വാട്ടർ അതോറിട്ടിയുടെ ഉത്തരവാദിത്തമാണ്. ജീർണ്ണിച്ച ട്രാൻസ്ഫോമർ മാറ്റി പുതിയത് സ്ഥാപിക്കാൻ മുട്ടം, കരിങ്കുന്നം പഞ്ചായത്ത്‌ അധികൃതരും വിവിധ സംഘടനകളും കെ.എസ്.ഇ.ബിയെ സമീപിച്ചെങ്കിലും വാട്ടർ അതോറിട്ടിയാണ് ഇടപെടൽ നടത്തേണ്ടതെന്ന നിലപാടിലാണ് അവർ. പുതിയ ട്രാൻസ്ഫറിന് ഒമ്പത് ലക്ഷം രൂപയും മോട്ടോറിന് 17 ലക്ഷം രൂപയും മുടക്ക് വരും. എന്നാൽ ഇതിനുള്ള തുക ചിലവഴിക്കാൻ മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ നിയമം അനുവദിക്കുന്നുമില്ല.