ജില്ലയിൽ വിതരണം ചെയ്യുന്നത് 2.5ലക്ഷം വിത്ത് കിറ്റുകൾ
തൊടുപുഴ: ലോക് ഡൗൺ കാലം നാടിനും വീടിനും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് വിഷരഹിത പച്ചക്കറി കൃഷി എല്ലാ വീടുകളിലും തുടങ്ങുന്നതിന് പദ്ധതി. ഹരിതകേരളം മിഷൻ, കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ എന്നിവ സംയുക്തമായാണ് ഗാർഹിക പച്ചക്കറിക്കൃഷി നടപ്പിലാക്കുന്നത്. 10 രൂപ വിലയുള്ള 2.5 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് ജില്ലയിൽ സൗജന്യമായി വിതരണം ചെയ്യുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും വിത്ത് കിറ്റുകളെത്തിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ ബാബു ടി. ജോർജ് അറിയിച്ചു. കൃഷി വകുപ്പിന്റെ ഫാമുകളിൽ നിന്നും വി.എഫ്.പി.സി.കെയുമാണ് തൈകളും വിത്തുകളും എത്തിക്കുന്നത്. കൃഷിഭവനിലെത്തിക്കുന്ന വിത്ത് കിറ്റുകൾ വാർഡ് മെമ്പർമാർ വഴി കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാണ് വിതരണം ചെയ്യുക. ചീര, പയർ, പാവൽ, വെണ്ട, വഴുതന തുടങ്ങിയ വിത്ത് കിറ്റുകളാണ് വിതരണത്തിന് സജ്ജമാക്കുന്നത്. എല്ലാ വീടുകളിലും ഈ കിറ്റുകൾ എത്തിയെന്ന് ഉറപ്പാക്കുന്ന ചുമതല ഹരിതകേരളം മിഷനാണ്. എല്ലാ വീടുകളിലും വിഷമില്ലാത്ത പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ വീടുകളിലും വിത്ത് കിറ്റുകൾ എത്തിക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിന്റെ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധു, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബാബു ടി. ജോർജ് എന്നിവർ അറിയിച്ചു.
വിത്ത് കിറ്റുകളുടെ വിതരണം ഇന്ന്
മുട്ടം, കുടയത്തൂർ, മണക്കാട് പഞ്ചായത്തുകളിൽ ഇന്ന് വിത്ത് കിറ്റുകൾ വിതരണം ചെയ്യുമെന്ന് കൃഷി അസി. ഡയറക്ടർ കെ.പി. സെലീനാമ്മ അറിയിച്ചു. ഇന്ന് ഒരു പഞ്ചായത്തിൽ 1000 വിത്ത് കിറ്റുകളാണ് വിതരണം ചെയ്യുക. ബാക്കി അടുത്ത ദിവസം തന്നെ എത്തിക്കും. ഇക്കാര്യം ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചർച്ച ചെയ്തിരുന്നു. കൃഷിഭവനു കീഴിലെ കർഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ മുഖേന വിവരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഓഫീസർമാരുമായി ബന്ധപ്പെടാം. കുടയത്തൂർ- 9847461096, മുട്ടം- 82810 48028, മണക്കാട്- 9496346358.