കട്ടപ്പന: ആഘോഷങ്ങൾ ഒഴിവാക്കി വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ച് ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. ലോക്ക്ഡൗൺ തുടരുന്നതിനാൽ പള്ളികളിൽ വികാരിമാർ മാത്രമായി വിശുദ്ധ കുർബാനയർപ്പിച്ചു. ഭൂരിഭാഗം ഇടവകകളിലും വിശ്വാസികൾക്ക് വെബ് കാസ്റ്റിംഗിലൂടെ വീട്ടിലിരുന്ന് തിരുക്കർമങ്ങൾ വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ജില്ലയിലെ മുഴുവൻ പള്ളികളിലും ആഘോഷമില്ലാതെയാണ് ഓശാന ഞായർ ആചരിച്ചത്. ഇതോടനുബന്ധിച്ചുള്ള കുരുത്തോല വിതരണമോ, പ്രദക്ഷിണമോ നടന്നില്ല. ചില പള്ളികളിൽ കുരുത്തോല വെഞ്ചരിച്ചു. ഇടവകാംഗങ്ങളുടെ പേരെഴുതിയ കുരുത്തോല പള്ളിയിൽ പ്രത്യേകമായി വച്ച് തിരുക്കർമങ്ങൾ നടത്തി.

കട്ടപ്പന സെന്റ് ജോർജ് ഫൊറോനയിലെ ഇടവകാംഗങ്ങളുടെ വീടുകളിലെ പ്രധാന വാതിൽ കുരുത്തോല കൊണ്ടും സൈത്തിൽ കൊമ്പുകൾ കൊണ്ടും അലങ്കരിച്ച് അനുസ്മരണം നടത്തി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾ ഇന്റർനെറ്റിലൂടെയും പ്രാദേശിക ചാലനുകളിലൂടെയും തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, വെള്ളയാംകുടി സെന്റ് ജോർജ് ഫെറോന പള്ളിയിൽ വികാരി ഫാ. തോമസ് വട്ടമല എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.