ചെറുതോണി: ചെളി നിറഞ്ഞ പഞ്ചായത്ത് കിണർ ശുചീകരിക്കുന്നില്ല..വാഴത്തോപ്പ് പഞ്ചായത്തിൽ ആറാം വാർഡ് ഉൾപ്പെടുന്ന മുല്ലക്കാനത്തെ പൊതു കിണറാണ് കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ ശ്രമഫലമായി കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. എന്നാൽ ആറടിയോളം താഴ്ചയിൽ കിണറിൽ ചെളി മൂടിയിരിക്കുകയാണ്. ഇത് കോരി നീക്കുന്നതിന് വിദഗ്ദ്ധരായ തൊഴിലാളികളുടെ സേവനവും ഉപകരണങ്ങളും ആവശ്യമുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി വിഷയത്തിൽ ഇടപെടാൻ പഞ്ചായത്ത് ശ്രമിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്. കാലപ്പഴക്കം ബാധിച്ച് കുളത്തിലെ മോട്ടറും നശിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ മൂലം എല്ലാവരും വീടുകളിൽ തങ്ങുന്നതിനാൽ വെള്ളത്തിന്റെ ഉപയോഗവും കൂടുതലാണ്.