ഇടുക്കി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവർക്ക് ആശ്വാസമാകാൻ സർക്കാരിന്റെ പലവ്യഞ്ജന കിറ്റ് തയ്യാറാകുന്നു. സപ്ലൈകോ കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ അളന്ന് പായ്ക്ക് ചെയ്ത് കിറ്റുകളാക്കുന്ന തിരക്കിലാണ് ജീവനക്കാർ. ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 1000 രൂപയുടെ സാധനങ്ങളാണ് സൗജന്യകിറ്റിലുള്ളത്. 3.01 ലക്ഷം കാർഡ് ഉടമകളാണ് ജില്ലയിലുള്ളത്. ആദ്യഘട്ടത്തിൽ അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്കാണ് സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. പഞ്ചസാര (ഒരു കിലോ), തേയില (250 ഗ്രാം), ഉപ്പ്(ഒരു കിലോ), ചെറുപയർ (ഒരു കിലോ), കടല (ഒരുകിലോ), വെള്ളിച്ചെണ്ണ (അര ലിറ്റർ), ആട്ട (രണ്ട് കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സൺഫ്ളവർ ഓയിൽ (ഒരു ലിറ്റർ), ഉഴുന്ന് (ഒരു കിലോ) എന്നീ 17 ഇനം ഭക്ഷ്യ വിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുന്നത്. ജില്ലയിലെ തൊടുപുഴ, മൂന്നാർ, നെടുംകണ്ടം എന്നീ മൂന്ന് സപ്ലൈകോ ഡിപ്പോകളുടെയും കീഴിലുള്ള എല്ലാ ഔട്ട് ലെറ്റുകളിലും കിറ്റുകൾ തയ്യാറാക്കി വരുന്നു. തയ്യാറാക്കിയ കിറ്റുകൾ റേഷൻ കടകൾ മുഖേനയാണ് വിതരണം ചെയ്യുന്നത്.