ഇടുക്കി: കൊവിഡ്- 19 സാമൂഹിക പ്രതിസന്ധികൾക്കും സാമ്പത്തിക ക്ലേശങ്ങൾക്കിടയിലും ആയിരക്കണക്കിനു മാസ്‌കുകൾ നിർമ്മിച്ച് ഒരു കുടുംബം. കമ്പിളികണ്ടം സ്വദേശിയായ പാസ്റ്റർ ബിധുമോൻ ജോസഫും കുടുംബവുമാണ് മാസ്‌കുകൾ നിർമിച്ച് സൗജന്യമായി വിതരണം ചെയ്ത് നാടിന് അഭിമാനമാകുന്നത്. പാസ്റ്റർ ബിധുമോനും ഫാഷൻ ഡിസൈനറായ ഭാര്യ റിനിയും ചേർന്നാണ് മാസ്‌കുകൾ തയ്യാറാക്കുന്നത്. ലോക്ക് ഡൗൺ ദിനങ്ങളിൽ ഇവർ നിർമ്മിച്ചുനൽകിയത് നാലായിരത്തോളം മാസ്‌ക്കുകളാണ്. കൊറോണക്കാലത്തും പൊതുസമൂഹത്തിന് വേണ്ടി കർമനിരതരായ സ്ഥാപനങ്ങൾക്കാണ് മാസ്‌കുകൾ നിർമിച്ച് നൽകുന്നത്. പൊലീസ്, മാദ്ധ്യമ പ്രവർത്തകർ, ആശുപത്രികൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി കിച്ചൻ എന്നിവിടങ്ങളിലായി മാസ്‌കുകൾ വിതരണം ചെയ്തു. കമ്യൂണിറ്റി കിച്ചനിലേയ്ക്ക് ആവശ്യമായ തൊപ്പികളും ഇവർ നൽകുന്നുണ്ട്. തയ്യൽ ജോലികൾക്കായി മുൻകൂട്ടി വാങ്ങിവച്ച തുണി ഈ പ്രതിസന്ധിഘട്ടത്തിൽ സമൂഹ നന്മയ്ക്ക് വേണ്ടിയുള്ള മാസ്‌കുകളായി മാറി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഈ ഘട്ടത്തിൽ ഇത്തരമൊരു സേവന പ്രവർത്തനം നടത്തുന്നതിലുള്ള സംതൃപ്തിയിലാണ് ഈ കുടുംബം. ആവശ്യമുള്ള ആശുപത്രി ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പാസ്റ്റർ ബിധുമോൻ മാസ്‌കുകൾ എത്തിച്ചു കൊടുക്കുന്നുണ്ട്. പ്രവർത്തനങ്ങൾക്ക് ഇവരുടെ മക്കളായ ലെമുവേലും ജമുവേലും ഒപ്പമുണ്ട്.