stroberry
വട്ടവടയിലെ കർഷകരിൽ നിന്നും മൂന്നാർ ഹോർട്ടി കോർപ്പ് അസി. മാനേജർ ജിജോ ആർ സ്‌ട്രോബറി ഏറ്റുവങ്ങുന്നു.

ഇടുക്കി: ജില്ലയിലെ സ്‌ട്രോബറി കർഷകർക്ക് ആശ്വാസം പകർന്ന് ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ സ്‌ട്രോബറി സംഭരിച്ചു തുടങ്ങി. ആദ്യ ദിനം വട്ടവട മേഖലയിലെ അഞ്ചോളം കർഷകരിൽ നിന്ന് 100 കിലോ സ്‌ട്രോബറിയാണ് ഹോർട്ടി കോർപ്പ് സംഭരിച്ചത്. കിലോയ്ക്ക് 175 രൂപ നിരക്കിൽ കർഷകരിൽ നിന്ന് നേരിട്ടായിരുന്നു സംഭരണം. വട്ടവട കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ജോബി, ഹോർട്ടി കോർപ്പ് മൂന്നാർ അസിസ്റ്റന്റ് മാനേജർ ജിജോ ആർ, സിജു ബി.പി എന്നിവരുടെ നേതൃത്തിലാണ് സംഭരണം നടന്നു വരുന്നത്. വട്ടവടയിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന ഹോർട്ടി കോർപ്പിന്റെ സബ്‌സെന്ററിൽ കർഷകർ നേരിട്ടെത്തിയാണ് സ്‌ട്രോബറി കൈമാറുന്നത്. തുടർന്നുള്ള എല്ലാ ദിവസവും സ്‌ട്രോബറി സംഭരിക്കാനാണ് ഹോർട്ടി കോർപ്പിന്റെ തീരുമാനം. 75 ഓളം കർഷകരാണ് വട്ടവട മേഖലയിലുള്ളത്. വട്ടവടയ്ക്ക് പുറമെ മൂന്നാർ, കാന്തല്ലൂർ മേഖലകളിലും സ്‌ട്രോബറി കൃഷി ചെയ്യുന്നു. ഹോർട്ടി കോർപ്പിന്റെ പരിധിയിൽ രണ്ടര ഏക്കറോളം പ്രദേശത്ത് മൂന്നാറിലും കൃഷി ചെയ്യുന്നുണ്ട്. വിവിധ ഇടങ്ങളിൽ നിന്ന് സംഭരിക്കുന്ന സ്‌ട്രോബറി മൂന്നാറിലെ സ്‌ട്രോബറി പാർക്കിൽ എത്തിക്കും.